ഓംപ്രകാശിന് പങ്കില്ലെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: പോള്‍ ജോര്‍ജ്ജ് വധക്കേസില്‍ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ക്ക് നേരിട്ടു പങ്കില്ലെന്ന നിരീക്ഷണത്തോടെ പൊലീസ് പ്രാഥമികാന്വേഷണം അവസാനപ്പിക്കുന്നു.
കൊലപാതകം നടന്ന ദിവസം എന്‍ഡവറില്‍ പോളിനൊപ്പം രാജേഷും ഓംപ്രകാശും ഇല്ലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. പ്രകാശ്, രാജേഷ് ഇവരില്‍ ഏതോ ഒരാള്‍ എന്‍ഡവറില്‍ ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് അന്വേഷിച്ചുവരുകയാണെന്നുമുള്ള ഐജി വിന്‍ന്‍ എം പോളിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
മാരാരിക്കുളത്തുനിന്നും പുറപ്പെടുമ്പോള്‍ എന്‍ഡവര്‍ ഓടിക്കാന്‍ ഓംപ്രകാശ് ഒരുങ്ങിയെങ്കിലും പൊലീസ് പരിശോധനയ്‌ക്കു സാധ്യതയുള്ളതിനാല്‍ വേണ്ടെന്ന് സൂചിപ്പിച്ചുവെന്നും പോളും ഇക്കാര്യം സമ്മതിച്ചുവെന്നുമാണ് പോളിന്റെ ഡ്രൈവര്‍ ഷിബുവിന്റെ മൊഴി.
രാജേഷ് ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന നിലയിലായിരുന്നില്ല. തുടര്‍ന്ന് രണ്ടുപേരും തന്നോടൊപ്പം സ്‌കോര്‍പ്പിയോയില്‍ കയറുകയായിരുന്നുവെന്നും ഷിബു പറഞ്ഞിട്ടുണ്ട്.
ഓംപ്രകാശിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നന്നും ചങ്ങനാശേരി ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കാരിസതീഷിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ പോള്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
ഇതിനിടെ വധക്കേസില്‍ കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ നടത്താന്‍ പൊലീസ് പദ്ധതിയിടുന്നുണ്ട്. സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ രക്തസാമ്പിളുകള്‍ പ്രതികളുടേതുമായി താരതമ്യപ്പെടുത്തും.
രക്തസാമ്പിള്‍ ശേഖരിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ റിമാന്റില്‍ കഴിയുന്ന കാരി സതീഷ്, ജയചന്ദ്രന്‍ എന്നിവര്‍ ഉപയോഗിച്ച ചെരുപ്പുകളും ഫൊറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും.












Click it and Unblock the Notifications