മലയാളി യുഎസില്‍ വെടിയേറ്റു മരിച്ചു
ന്യൂ ഓര്‍ലിയന്‍സ് : മലയാളിയായ ഹോട്ടല്‍ ഉടമ യുഎസില്‍ വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി കവലയ്ക്കല്‍ ഫിലിപ്പ് ചാക്കോയാണ് (ബേബി - 67)യാണ്അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. ന്യൂ ഓര്‍ലിയന്‍സില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ബഹുനില ഹോട്ടലായ 'മിഡ് ടൌണില്‍ വച്ചാണ് ഫിലിപ്പിന് വെടിയേറ്റത്.
ഞായറാഴ്ച രാത്രി യുഎസ് സമയം 9.50നാണു സംഭവം.ഹോട്ടല്‍ ലോബിയിലേക്കു പാഞ്ഞെത്തിയ ആള്‍ പിസ്റ്റള്‍ ഉപയോഗിച്ചു ചാക്കോയുടെ നെഞ്ചിലേക്കു വെടിവച്ചശേഷം ഓടിമറയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഫിലിപ്പിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍, ശസ്ത്രക്രിയയ്ക്കു തയാറെടുക്കുമ്പോഴേക്കും മരണം സംഭവിച്ചു. കൊലപാതക കാരണം വ്യക്തമല്ല.
അക്രമിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച ഒന്‍പതിനു ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില് നടക്കും. മൃതദേഹം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെത്തിച്ചു.
ഫിലിപ്പ് ചാക്കോ 1973ലാണു യുഎസിലെത്തുന്നത്. ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഏരിയയിലായിരുന്നു സ്ഥിരതാമസം. നാലു വര്‍ഷം മുന്‍പു ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫ്ലോറിഡയിലേക്കു മാറി. അവിടെനിന്നു രണ്ടു വര്‍ഷം മുന്‍പാണു ന്യൂ ഓര്‍ലിയന്‍സില്‍ എത്തുന്നത്.
2007 ഫെബ്രുവരിയില്‍ ഏഴുകോടിയിലേറെ രൂപ മുടക്കിയാണു മിഡ് ടൌണ്‍ ഹോട്ടല്‍
വാങ്ങിയത്. ഹോട്ടലില്‍ നാലു നിലകളിലായി 102 മുറികളുണ്ട്. നിരക്കു കുറച്ചു സാധാരണക്കാര്‍ക്കുകൂടി താങ്ങാവുന്ന വിധമായിരുന്നു ഫിലിപ്പ് ഹോട്ടല്‍ നടത്തിയിരുന്നത്.
അനാശാസ്യ പ്രവര്‍ത്തനത്തിനും ലഹരിമരുന്നു കച്ചവടത്തിനുമായി ഹോട്ടലില്‍ എത്തുന്നവരെ അദ്ദേഹം പുറത്താക്കുമായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഫിലിപ്പും ഭാര്യ മേരിയും ഒരുമിച്ചാണു ഹോട്ടലിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications