കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: നാടകം കളിക്കുന്നതെന്തിനെന്ന് കോടതി

  • By Staff
Google Oneindia Malayalam News

Kerala High Court
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോലീസ്‌ ഒരു ദിശയിലൂടെ മാത്രം അന്വേഷണം നടത്തിയത് ശരിയായില്ലെന്ന് ഹൈക്കോടതി.

കേസിനെ വ്യത്യസ്‌ത കോണുകളിലൂടെ കാണുകയും സാധ്യതകള്‍ ആരായുകയും വേണം. ഒരു ദിശയില്‍ മാത്രം അന്വേഷണം നടത്തിയാല്‍ മറ്റു തെളിവുകള്‍ നഷ്ടമാവും- ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഓര്‍മിപ്പിച്ചു.

പോളിന്റെ ലാപ്‌ടോപ്‌ കംപ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തന്വേഷണമാണ്‌ പൊലീസ് നടത്തിയതെന്നും കോടതി ചോദിച്ചു. ഇതില്‍ നിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ്‌ ഈ നാടകം എന്നും കോടതി ചോദിച്ചു.

ലാപ്‌ടോപ്പിലെ ദൃശ്യങ്ങളടങ്ങിയ സിഡി സര്‍ക്കാര്‍, കഴിഞ്ഞ ദിവസം കോടതിക്ക്‌ നല്‍കിയിരുന്നു. ഇത്‌ കണ്ടതിനു ശേഷമാണ്‌ കോടതി ചൊവ്വാഴ്‌ച ഈ ചോദ്യമുന്നയിച്ചത്‌. കേസ്‌ ഡയറിയും പോലീസ്‌ കോടതിക്ക്‌ നല്‍കിയിട്ടുണ്ട്.

ഒരു വിരുന്നിന്റെ ദൃശ്യങ്ങളുടെ വീഡിയോയില്‍ പോള്‍ വധക്കേസില്‍ പ്രതിയായ ഓംപ്രകാശും ഉണ്ടെന്ന്‌ പ്രോസിക്യൂഷന്‍സ്‌ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ ഹൈക്കോടതിയുടെ ചോദ്യത്തിന്‌ മറുപടിയായി വ്യക്തമാക്കി.

ഈ ദൃശ്യങ്ങളില്‍ വരുന്ന മറ്റുള്ളവരെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും മറ്റും അന്വേഷിച്ചുവോ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം‌. ലാപ്‌ടോപ്പിലെ വിവരങ്ങള്‍ സി ഡാക്‌ പോലുള്ള വിദഗ്‌ദ്ധ ഏജന്‍സികളെക്കൊണ്ട്‌ പരിശോധിപ്പിച്ചുവോ എന്ന് ആരാഞ്ഞ കോടതി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു.

പോള്‍ കൊല്ലപ്പെട്ടയുടനെ സംഭവസ്ഥലത്തുനിന്ന്‌ ഓം പ്രകാശും പുത്തന്‍പാലം രാജേഷും അപകടത്തില്‍പ്പെട്ട ഫോര്‍ഡ്‌ എന്‍ഡവര്‍ കാറില്‍ രക്ഷപ്പെട്ടതിനെക്കുറിച്ച്‌ എന്ത്‌ അന്വേഷണമാണ്‌ നടത്തിയതെന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം.

ഇരുവരും സപ്‌തംബര്‍ 14 ന്‌ തമിഴ്‌നാട്ടില്‍ കീഴടങ്ങിയ ശേഷം ഇരുവരെയും ചോദ്യം ചെയ്‌തുവെന്ന്‌ പ്രോസിക്യൂഷന്‍ അറിയിച്ചു.

പോലീസിന്റെ അന്വേഷണം പല പ്രധാന വിവരങ്ങളും അവഗണിച്ചുകൊണ്ടാണെന്നും അതിനാല്‍ അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സിയെ ഏല്‌പിക്കണമെന്നുമാണ്‌ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്‌.

പോളിന്റെ ഡ്രൈവര്‍ ഷിബു പ്രഥമ മൊഴി പിന്നീടു മാറ്റിയ സാഹചര്യവും കോടതിയില്‍ ചര്‍ച്ചയായി. 'മദ്യപിച്ച പോള്‍ മറ്റൊരു കാര്‍ ഓടിക്കുന്നതു പോളിന്റെ ഡ്രൈവര്‍ അനുവദിക്കുമോ എന്നു കോടതി ചോദിച്ചു. മനുവിന്റെ പശ്ചാത്തലവും ആരാഞ്ഞു.

സംഭവ ദിവസത്തെ സ്റ്റേഷന്‍ ഹൗസ്‌ ഡയറിയും അപകടത്തില്‍പ്പെട്ട ബൈക്ക്‌, ബൈക്ക്‌ യാത്രികന്റെ പരിക്ക്‌ എന്നിവ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X