തടയണ പൊളിക്കാന്‍ ടാറ്റയ്ക്ക് നോട്ടീസ് നല്‍കി

കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ വനമേഖലയില്‍ ഒരുകോടിയോളം രൂപ മുടക്കി നിര്‍മിച്ച തടയണ പൊളിച്ചു നീക്കാന്‍ വെള്ളിയാഴ്ച വൈകിട്ടാണ് നോട്ടീസ് നല്‍കിയത്. അണക്കെട്ട് പൊളിച്ചുനീക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്
കല്ലാര്‍ പുഴയുടെ ഉത്ഭവസ്‌ഥാനത്താണ് പാറപൊട്ടിച്ചും മരങ്ങള്‍ മുറിച്ചും തടയണ നിര്‍മിക്കുന്നതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടും കൈമാറിയിരുന്നു.
ചെങ്കുളം വൈദ്യുത പദ്ധതിയിലേക്കുള്ള ജലസ്രോതസാണ് തടയണമൂലം തടസപ്പെട്ടതെന്നും ഏക്കര്‍കണക്കിനു സ്‌ഥലത്തെ മരം മുറിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. അണക്കെട്ട് നിര്‍മിക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ പാലിച്ചില്ലെന്നും കലക്‌ടര്‍ അശോക്കുമാര്‍ സിംഗ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കലക്‌ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വനം, റവന്യൂ, ജലവിഭവ വകുപ്പ് തലവന്‍മാരും സ്‌ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി. 50 മീറ്റര്‍ വീതിയിലും 500 മീറ്റര്‍ നീളത്തിലും നിര്‍മിച്ച തടയണയില്‍ വേനല്‍ക്കാലമായിട്ടും അഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചിട്ടുണ്ടെന്നു ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി.
മഴക്കാലത്ത് ഇതു മൂന്നിരട്ടിയാകും. ഇത്രയും വലിയ അണ നിര്‍മിക്കുമ്പോള്‍ ജലവിഭവ വകുപ്പിന്റെ അനുമതി അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഈ റിപ്പോര്‍ട്ടിന്റെകൂടി പിന്‍ബലത്തിലാണ് കലക്‌ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനി എം.ഡിയുടെ പേരിലുള്ള നോട്ടീസ് ദേവികുളം തഹസീല്‍ദാര്‍ കെ.ആര്‍. നാരായണനാണ് ശനിയാഴ്ച വൈകിട്ട് മൂന്നാറിലെ കമ്പനി ആസ്‌ഥാനത്തെത്തിച്ചത്.
ലക്ഷ്‌മിയിലെ തടയണ നിര്‍മാണം ബോധ്യപ്പെട്ടതോടെ ടാറ്റയുടെ തോട്ടങ്ങളില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ ചെണ്ടുവരയിലെ ബി.സി. ഡിവിഷനിലും അനധികൃത തടയണ കണ്ടെത്തി. ആദ്യം കണ്ടെത്തിയ തടയണയുടെ അതേ വലുപ്പത്തിലുള്ള തടയണ നിര്‍മിച്ചിരിക്കുന്നത് കുണ്ടള ഡാമിലെ ജലസ്രോതസ് തടഞ്ഞുകൊണ്ടാണെന്നും കണ്ടെത്തിയതായി കലക്‌ടര്‍ അറിയിച്ചു.












Click it and Unblock the Notifications