ഐസ്ക്രീം കേസിലെ സാക്ഷി റജീന അറസ്റ്റില്‍
ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. റജീന വാടകയ്ക്ക് കൊടുത്തിരിയ്ക്കുന്ന വീട്ടില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടിയെ റജീന തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കാറിലെത്തിയ റജീന പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് പിടിച്ചുകയാറ്റാന് ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കുകയും കുതറി മാറുകയും ചെയ്തതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
റീജീനയോയൊപ്പം കാറില്‍ രണ്ട് പുരുഷന്മാര് ഉണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് നല്കിയ പരാതിയിലുണ്ട്. റജീനയുടെ വീട്ടിലെത്തിയാണ് എസ് ഐയും സംഘവും അവരെ അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധമായ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മൊഴി നല്‍കിയതോടെയാണ് റജീന ശ്രദ്ധാകേന്ദ്രമായത്. എന്നാല്‍ വിചാരണയ്ക്കിടെ റജീന മൊഴിമാറ്റിപ്പറഞ്ഞതോടെ കേസ് തള്ളിപ്പോവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നും വന്ന റജീന ഇപ്പോള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ്.