പത്മലോചനന് പകരക്കാരന്‍ ആരാകും?

മേയര്‍സ്ഥാനം അവസാനത്തെ ഒരുവര്‍ഷം തങ്ങള്‍ക്കു വേണമെന്ന് ഏറെനാളായി സിപിഐ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പത്മലോചനന്‍ മാറുന്ന ഒഴിവില്‍ സിപിഐ വീണ്ടും അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിപിഎം മേയര്‍ സ്ഥാനത്തുനിന്നും പത്മലോചനനെ മാറ്റില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ സിപിഎമ്മിന് അവരുടെ ഒരു അച്ചടക്കനടപടി നടപ്പാക്കുന്നതിന് തങ്ങള്‍ തടസ്സം നില്‍ക്കില്ലെന്ന് സിപിഐ. ജില്ലാ സെക്രട്ടറി കെ.പ്രകാശ് ബാബു വ്യക്തമാക്കിക്കഴിഞ്ഞു. സിപിഎം ഒരു പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ ഞങ്ങള്‍ മുതലെടുപ്പ് രാഷ്ട്രീയത്തിനില്ല. അതിനര്‍ഥം മേയര്‍സ്ഥാനത്തിനു വേണ്ടിയുള്ള സിപിഐയുടെ അവകാശവാദം ഉപേക്ഷിച്ചുവെന്നല്ല. പക്ഷേ ഇപ്പോഴത് ഉന്നയിക്കുന്നില്ലെന്നാണ് തീരുമാനം- അദ്ദേഹം അറിയിച്ചു.
മേയര്‍പ്രശ്‌നം സിപിഐ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.രാജഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത മേയറും സിപിഎമ്മില്‍ നിന്നുതന്നെ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മേയര്‍സ്ഥാനത്തെച്ചൊല്ലി സിപി.എമ്മില്‍ ഒരുതര്‍ക്കവുമില്ല. ആര്‍ക്കെങ്കിലും മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എല്ലാവരുമത് അംഗീകരിക്കും- അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എന്‍.പത്മലോചനനെ 2005ല്‍ മേയറായി പാര്‍ട്ടി നിശ്ചയിച്ചത്. കൗണ്‍സിലര്‍മാരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആരുംതന്നെ ഇപ്പോഴില്ല.
ജില്ലാ കമ്മിറ്റി അംഗമായിരുന്ന മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഡി.രാധാകൃഷ്ണന്റെ പേര് പദ്മലോചനനുശേഷം മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍, മകന്‍ സ്പിരിറ്റ് കടത്തിയ കേസ്സുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത രാധാകൃഷ്ണന് ഇപ്പോള്‍ അതിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
മറ്റു പലരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യത കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ അഡ്വക്കേറ്റ് വി.രാജേന്ദ്രബാബുവിനും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഏണസ്റ്റിനുമാണെന്നാണ് സൂചന.












Click it and Unblock the Notifications