തച്ചങ്കരി: നാലാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണം

സസ്‌പെന്‍ഷന്‍ കേസില്‍ സര്‍ക്കാരും ഐ.ജി തച്ചങ്കരിയും ഉന്നയിച്ചിട്ടുള്ള വാദപ്രതിവാദങ്ങളിലേക്കും കേസിന്റെ കാര്യകാരണങ്ങളെക്കുറിച്ചും പരിശോധിക്കുന്നില്ലെന്നും ഇക്കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇരുഭാഗവും മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണനും എസ്.എസ് സതീശ്ചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ട്രിബ്യൂണല്‍ കേസ് തീര്‍പ്പാക്കുംവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് കോടതി നിര്‍ദ്ദേശം
സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ഹാജരാക്കാന്‍ സാവകാശം നല്‍കാതെയാണ് ട്രിബ്യൂണല്‍ സ്‌റ്റേ ഉത്തരവു പുറപ്പെടുവിച്ചതെന്നും അന്തിമ വിധിക്കു സമാനമായ നിരീക്ഷണങ്ങളാണ് ഉത്തരവിലുളളതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചന്ദ്രകുമാര്‍ കേസിലെ സുപ്രീംകോടതി വിധി പ്രകാരം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു തച്ചങ്കരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ട്രിബ്യൂണലില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍ നടപടി സ്‌റ്റേ ചെയ്തിരിക്കുന്നതെന്നും വിദേശയാത്രയ്ക്കു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വേണമെന്നു ചട്ടമില്ലെന്നും വാദമുണ്ടായി.
ഹര്‍ജിയിലെ രേഖകളും വസ്തുതകളും പരിശോധിച്ചതില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെയാണു തച്ചങ്കരി യാത്ര നടത്തിയതെന്നും ഐ.ജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സസ്പന്‍ഷന്‍ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ അന്തിമവിധിക്കു സമാനമായ നിരീക്ഷണങ്ങളാണ് ട്രിബ്യൂണല്‍ നടത്തിയതെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി പറഞ്ഞു.
ട്രിബ്യൂണലിന്റേത് ഇടക്കാല ഉത്തരവായതിനാല്‍ തല്‍സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് ഇരുകക്ഷികളുടെയും വാദങ്ങള്‍ പരിശോധിച്ച് അന്തിമ തീര്‍പ്പുണ്ടാക്കാന്‍ ട്രിബ്യൂണലിനു വിടുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications