ഒളിച്ചോടി കല്ല്യാണം കഴിച്ചവരെ കല്ലെറിഞ്ഞ് കൊന്നു
ഹൈദരാബാദ്: വീട്ടുകാരറിയാതെ ഒളിച്ചോടി കല്യാണം കഴിച്ച ദമ്പതികളെ തൂണില്‍ കെട്ടിയിട്ട് കല്ലെറിഞ്ഞു കൊന്നു. ആന്ധ്രപ്രദേശിലെ നിസാമാബാദ് ജില്ലയിലെ കൃഷ്ണാജിവാഡി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അഭിമാന ഹത്യയാണ് അരങ്ങേറിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വ്യത്യസ്ത ജാതിക്കാരായതിനാണ് ദമ്പതികള്‍ കിരാതമായ ശിക്ഷയ്ക്കിരയാവേണ്ടി വന്നത്. പിന്നാക്ക ജാതിക്കാരനായ സുങ്കാര ശ്രീനിവാസ് (32), മേല്‍ജാതിയില്‍പെട്ട ഭാര്യ സ്വപ്‌ന റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വപ്‌നയുടെ ബന്ധുക്കളാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. വിവാഹത്തിനെ ഇവര്‍ ശക്തിയായി എതിര്‍ത്തിരുന്നു.
ആറ് മാസം മുന്‍പാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. ശ്രീനിവാസ് നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ശ്രീനിവാസ് വിവാഹശേഷം അവിടെ തന്നെ താമസിച്ചുവരികയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് സ്വപ്‌നയുടെ വീട്ടുകാര്‍ ഇരുവരെയും വിളിച്ചുവരുത്തുകയായിരുന്നു. ചര്‍ച്ച വാക്കേറ്റമാവുകയും പിന്നീട് വീട്ടുകാര്‍ ശ്രീനിവാസിനെയും സ്വപ്‌നയെയും ഒരു തൂണില്‍ക്കെട്ടിയിട്ട് കല്ലെറിയുകയുമായിരുന്നു. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് കല്ലെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications