ജഡ്ജിമാര്‍ക്ക് നട്ടപ്രാന്തെന്ന് ജയരാജന്‍
കോഴിക്കോട്: പ്രസ്താവനകള്‍ ഗൗരവത്തോടെ കാണുന്നുവെന്ന കോടതിയുടെ പരാമര്‍ശത്തിന് ശേഷവും സിപിഎം നേതാവ് എംവി ജയരാജന്‍ കോടതിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്.
ജുഡീഷ്യറി വിമര്‍ശനത്തിനതീമാണെന്ന അഭിപ്രായം അംഗീകരിക്കില്ലെന്നും റോഡരികില്‍ പൊതുയോഗങ്ങള്‍ പാടില്ലെന്നു പറയുന്നവര്‍ക്കു നട്ടപ്രാന്താണെന്നും ജയരാജന്‍ പറഞ്ഞു.
കോടതിവിധികള്‍ക്കു ജനങ്ങള്‍ പുല്ലുവില നല്‍കിയ സംഭവങ്ങളുണ്ട്. ന്യായാധിപന്‍മാര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലെങ്കില്‍ ജുഡീഷ്യറി തെറ്റിന്റെ കൂമ്പാരമാകും- അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് ടി. ദാസന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാര്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു രാവിലെ മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയായിരുന്നു വൈകിട്ടത്തെ വിമര്‍ശനം. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ജനാധിപത്യത്തിനും ആശയപ്രചാരണത്തിനും കോടതി വിലങ്ങുതടിയായപ്പോഴാണ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം രാവിലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
'ശുംഭന്‍' എന്ന പദം സാന്ദര്‍ഭികമായാണ് ഉപയോഗിച്ചത്. വാക്കിന്റെ അര്‍ഥമല്ല; താന്‍ ഉയര്‍ത്തിയ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടത്. കോടതിയലക്ഷ്യത്തിനു നോട്ടീസ് ലഭിച്ചാല്‍ നിയമവിദഗ്ധരുമായി ആലോചിച്ചു വേണ്ടതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി എജിയ്ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്, അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിയ്ക്കും.












Click it and Unblock the Notifications