ഒളിച്ചോടിയ യുവതിയെ കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷാവസ്ഥ
കണ്ണൂര്‍: കാണാതായ യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിപരിസരത്തു സംഘര്‍ഷാവസ്ഥ. യുവതിയെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നു യുവതിയുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നടത്തുന്നതെന്ന അഭ്യൂഹത്തെ തുടര്‍ന്നു കാമുകന്റെ പരിചയക്കാരും കോടതി പരിസരത്തെത്തി. ഇരു വിഭാഗവും സംഘടിച്ചതോടെയാണ് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
ഒരാഴ്ച മുമ്പ് കാണാതായ ചാലാട്ടെ സുരേഷ്ബാബുവിന്റെ മകള്‍ ധന്യ (22) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) മുജീബ് റഹ്മാന്‍ മുമ്പാകെ ഹാജരാക്കിയത്.
ഇരു വിഭാഗത്തിലുംപെട്ട നൂറോളം പേര്‍ കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. വിവരമറിഞ്ഞു ടൗണ്‍ ഡിവൈഎസ്പി പി.പി സദാനന്ദന്‍, സിഐ രത്‌നകുമാര്‍, എസ്‌ഐ പി.വി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും കോടതി പരിസരത്തു നിലയുറപ്പിച്ചിരുന്നു.
തര്‍ക്കം രൂക്ഷമാകുന്നതിനു മുമ്പ് പോലീസ് ഇരുവിഭാഗത്തെയും ലാത്തി വീശി വിരട്ടിയോടിച്ചു. കഴിഞ്ഞമാസം 27 നായിരുന്നു ധന്യയെ കാണാതായത്. മകളെ കാണാതായതു സംബന്ധിച്ചുള്ള പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതിയെ കോഴിക്കോട്ട് കണ്ടെത്തിയത്.
കാമുകനൊപ്പം ഒളിച്ചോടിയ യുവതി കാമുകന്റെ മതം സ്വീകരിച്ചതായും പറയപ്പെടുന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications