പ്രവാസി വോട്ട് ബില്‍ രാജ്യസഭ പാസാക്കി

സഭ തടസ്സപ്പെടാതിരുന്നാല്‍ ചൊവ്വാഴ്ച തന്നെ ബില്‍ പാസാക്കി നിയമമാക്കാന്‍ സാധിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. രാജ്യസഭയില്‍ നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ് ബില്‍ അവതരിപ്പിച്ചതും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ നല്‍കിയ മേല്‍വിലാസമുള്ള സ്ഥലത്ത് വോട്ട് ചെയ്യാന്‍ സാധിക്കുംവിധമാണ് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്തിരിക്കുന്നത്.
ആറുമാസത്തില്‍ കൂടുതല്‍ സ്വന്തം താമസസ്ഥലത്ത് ഇല്ലെങ്കില്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യുമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്.
വിദേശത്തെ താമസത്തിന്റെ കാലാവധി,ജോലി,പഠനം തുടങ്ങിയവ പരിശോധിച്ചശേഷം തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ മാറ്റം വരുത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും അവര്‍ക്ക് നാട്ടില്‍ പ്രോക്‌സി വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും അവയൊന്നും പരിഗണിച്ചിട്ടില്ല.
പ്രവാസികളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് 1950 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി മൊയ്‌ലി പറഞ്ഞു. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് വോട്ടര്‍പ്പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള വകുപ്പാണ് തത്കാലം ഭേദഗതി ചെയ്യുന്നതെന്നും സ്ഥാനാര്‍ഥിയാകുന്നകാര്യം മറ്റൊരു ചട്ടത്തിന് കീഴിലാണ് വരികയെന്നും അദ്ദേഹം വിശദീകരിച്ചു.
ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്ക് ഗുണകരമായ ബില്‍ പാസാക്കാന്‍ സഹകരിച്ചതില്‍ മന്ത്രി വയലാര്‍ രവി അംഗങ്ങള്‍ക്കും അധ്യക്ഷന്‍ പി.ജെ. കുര്യനും നന്ദി പറഞ്ഞു. ഗള്‍ഫിലെ ഇന്ത്യക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications