ദുബയ് വേള്‍ഡ് കടക്കെണിയില്‍ നിന്ന് കരകയറിയെന്ന്
ദുബയ്: കടക്കെണിയിലായ ദുബയ് വേള്‍ഡ് എന്ന കമ്പനി അതില്‍ നിന്ന് കരകയറുന്നതായി സൂചന. സെപ്തംബര്‍ പത്ത് വെള്ളിയാഴ്ച ഇത് സൂചിപ്പിച്ചുകൊണ്ട് കമ്പനി ഒരു അറിയിപ്പ് പുറത്തിറക്കി. കമ്പനിയുടെ കടത്തിന്റെ 99 ശതമാനവും തിരിച്ചടയ്ക്കുന്നതിന് സാവകാശം നല്‍കുന്ന പുതിയ പദ്ധതി കടം നല്‍കിയവര്‍ അംഗീകരിച്ചെന്നായിരുന്നു ഈ അറിയിപ്പ്.
2490 കോടി ഡോളറിന്റെ കടമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ദുബായ് വേള്‍ഡിനുള്ളത്. കമ്പനിയുടെ ഈ അറിയിപ്പ് യുഎഇ ഓഹരി വിപണിയില്‍ വന്‍ കുതിപ്പിന് കാരണമായി. ഈദിന് ശേഷം ഓഹരി വിപണി കുതിപ്പിന്റെ ഹരത്തിലായിരുന്നു. വീണ്ടും ഒരു ലോക സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ഊഹങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു വിപണിയിലെ ഈ മുന്നേറ്റം.
ദുബയ് വേള്‍ഡിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് 1440 കോടി ഡോളറിന്റെ കടം രണ്ട് തവണയായി തിരിച്ചടച്ചാല്‍ മതിയാവും. അഞ്ച് വര്‍ഷത്തിനും എട്ട് വര്‍ഷത്തിനും ശേഷമാണിത്. സര്‍ക്കാര്‍ കടം നല്‍കിയ 890 കോടി ഡോളര്‍ കമ്പനിയിലെ ഓഹരിയാക്കി മാറ്റും.
അന്തര്‍ദേശീയ ബാങ്കുകളായ എച്ച്.എസ്.ബി.സി., സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, ലോയിഡ്‌സ്, ബര്‍ക്ലിസ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്റ്, ദേശീയ ബാങ്കുകളായ എമിറേറ്റ്‌സ് എന്‍.ബി.ഡി., ദുബായ് വാണിജ്യബാങ്ക്, അബുദാബി വാണിജ്യബാങ്ക് എന്നിവയാണ് ദുബായ് വേള്‍ഡിന് കടം നല്‍കിയിട്ടുള്ളത്. കടം തിരിച്ചടയ്ക്കല്‍ പുനഃസംഘടനാ നിര്‍ദേശം ഈ ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ട്.
പുതിയ പദ്ധതി തയാറാക്കലിനും ബാങ്കുകളില്‍ നിന്ന് അംഗീകാരം നേടുന്നതിനും ദുബായ് സര്‍ക്കാര്‍ കമ്പനിയെ സഹായിച്ചിരുന്നു.
കാര്യം ഇതാണെങ്കിലും പല ധനകാര്യ ഗവേഷക സ്ഥാപനങ്ങളും ഇതില്‍ മതിപ്പ് പ്രകടിപ്പിച്ചിട്ടില്ല. കമ്പനിയുടെ തിരിച്ചടവിനുള്ള കഴിവില്‍ ഇവര്‍ക്ക് സംശയമുണ്ട്. ഒട്ടും തന്നെ സുതാര്യമല്ല കമ്പനിയുടെ ധനകാര്യ-വായ്പാ ഇടപാടുകള്‍ എന്നാണ് ഇവരുടെ പരാതി. ദുബയ് വേള്‍ഡിനെ കടക്കെണിയില്‍ നിന്ന് രക്ഷിയ്ക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കഴിവിലും ഈ സ്ഥാപനങ്ങള്‍ക്ക് സംശയമുണ്ട്. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് തന്നെ യുഎഇ ഓഹരി വിപണിയില്‍ തിങ്കളാഴ്ച കണ്ട കുതിപ്പി നിലനില്‍ക്കുന്നതല്ലെന്നാണ് ഇവരുടെ നിലപാട്.












Click it and Unblock the Notifications