രാജയെ രക്ഷിക്കാന്‍ ദുരൈ ദില്ലിയില്‍
ദില്ലി: സ്‌പെക്ട്രം കുംഭകോണത്തിലകപ്പെട്ട കേന്ദ്ര ടെലികോം മന്ത്രി എ രാജയുടെ രാജി ഒഴിവാക്കുന്നതിനായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഡിഎംകെ പ്രതിനിധിയായി തമിഴ്നാട് നിയമമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദുരൈ മുരുകന്‍ ദില്ലിയിലെത്തി. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി ദുരൈ മുരുകന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് അറിയുന്നത്.
രാജയെ ഒഴിവാക്കതെ വിവാദത്തിന്റെ കാഠിന്യം കുറയ്ക്കുകയെന്ന കാര്യത്തിലാവും ദുരൈ മുരുകനും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച നടത്തുക. രാജയെ ഒഴിവാക്കാനാവില്ലെന്ന കരുണാനിധി വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇതുപോലൊരു വഴി തന്നെയാണ് തേടുന്നത്.
ഇതിനിടെ, മന്ത്രി രാജ ശനിയാഴ്ച രാത്രി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. തന്റെ വകുപ്പില്‍ അഴിമതി നടന്നിട്ടില്ലെന്ന് തന്നെയാണ് രാജ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേ സമയം മുന്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി ഡിഎസ് മാത്തൂര്‍ രാജയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.
2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അവസാന തീയതി നേരത്തേയാക്കാന്‍ താന്‍ അനുമതി കൊടുത്തിരുന്നില്ലെന്ന മാത്തൂറിന്റെ വെളിപ്പെടുത്തലാണ് രാജയെ വെട്ടിലാക്കിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'എല്ലാത്തിനും രേഖയുണ്ടെന്നായിരുന്നു' രാജയുടെ മറുപടി.












Click it and Unblock the Notifications