സഭയ്ക്കും പോപ്പുലര്‍ഫ്രണ്ടിന്റെ നയം: പിണറായി
തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടു തന്നെയാണു സഭയും സ്വീകരിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജോസഫ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയുണ്ടാകും. മതകോടതികളിലൂടെ ഏകപക്ഷീയമായി ശിക്ഷ വിധിക്കാമെന്ന് ആരും ധരിക്കേണ്ട. കേരളം ഒറ്റക്കെട്ടായി ജോസഫിനു പിന്നിലുണ്ട്. അദ്ദേഹത്തെ കോളജില്‍ തിരിച്ചെടുക്കുന്നതായിരിക്കും ഉചിതം-പിണറായി പറഞ്ഞു.

ജോസഫിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നടത്തിയ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈവെട്ടിയപ്പോഴും ജോലിയില്‍നിന്ന് പിരിച്ചുവിട്ടപ്പോഴും താന്‍ തളര്‍ന്നില്ലെന്നും, എന്നാല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഈ ലോകം കാണിച്ച സ്‌നേഹത്തിനു മുന്നില്‍ തളര്‍ന്നു പോയെന്നും പരിപാടിയില്‍ സംസാരിച്ച ജോസഫ് പറഞ്ഞു.
ചോദ്യക്കടലാസ് വിവാദവുമായി ബന്ധപ്പെട്ടതെല്ലാം അപകടമായാണു കാണുന്നത്. ലോകം മുഴുവന്‍ തന്നോടൊപ്പമുണ്ടെന്ന വിശ്വാസം നല്‍കുന്ന കരുത്ത് ഇപ്പോള്‍ തനിക്കുണ്ട്. ശസ്ത്രക്രിയയ്ക്കിടെ ഒരു നിമിഷം എന്റെ ശ്വാസം നിലച്ചെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥന മൂലമാണു ശ്വാസം തിരിച്ചുകിട്ടിയത്-ജോസഫ് പറഞ്ഞു.












Click it and Unblock the Notifications