ആകാശചുംബനം: പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കും
ദില്ലി: വിമാനം പറക്കുന്നതിനിടെ എയര്‍ഹോസ്റ്റസിനെ ബലമായി ചുംബിച്ച പൈലറ്റിനെതിരെയുള്ള നടപടി പിന്‍വലിക്കില്ല.
പൈലറ്റിന്റെ ലൈസന്‍സ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനായുള്ള പൈലറ്റിന്റെ ആവശ്യം ഡയറക്ടറേറ്റ് തള്ളി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഭരത് ഭൂഷണാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ശിക്ഷയില്‍ നിന്ന് ഉടന്‍ മോചനം നല്‍കാവുന്ന കുറ്റമല്ല പൈലറ്റ് ചെയ്തത് എന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കരുതുന്നത്. സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും പൈലറ്റിന്റെ കുറ്റം കുറച്ചു കാണാന്‍ തക്കതായി ഒന്നുമില്ല എന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.
സെപ്തംബര്‍ മൂന്നിനാണ് വിവാദമായ സംഭവം നടന്നത്. ദില്ലി-ബാംഗ്ലൂര്‍-ഹൈദരാബാദ-്‌കൊച്ചി സ്‌പൈസ് ജറ്റ്, എസ്ജി 501/871ന്റെ കോക്പിറ്റില്‍ വച്ചായിരുന്നു പൈലറ്റ് 22 വയസ്സ് പ്രായമുള്ള എയര്‍ഹോസ്റ്റസിനെ ബലമായി ചുംബിച്ചത്.
കോക്പിറ്റിലേക്ക് കടന്നുവന്ന എയര്‍ഹോസ്റ്റസിനെ പൈലറ്റ് ബലമായി ചുംബിച്ചു എന്നും അതിന്റെ ഞെട്ടലില്‍ ആയിരുന്ന യുവതിയെ വീണ്ടും ചുംബിച്ചു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
പീഡനത്തിനു വിധേയയായ ശേഷം കോക്പിറ്റിന് വെളിയില്‍ വന്ന എയര്‍ഹോസ്റ്റസിനടുത്തേക്ക് പൈലറ്റ് വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഖേദപ്രകടനം നടത്തുന്നതിനു വേണ്ടിയായിരുന്നു എന്നാണ് പൈലറ്റിന്റെ വാദം.












Click it and Unblock the Notifications