ശബരിമല ദുരന്തം: 102 മരണം
വണ്ടിപ്പെരിയാര്‍ (ഇടുക്കി): ശബരിമലയില്‍ മകരജ്യോതിദര്‍ശനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ തീര്‍ഥാടകര്‍ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ചു. ഇതില്‍ 40 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 62 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.
മലപ്പുറം വേങ്ങര സ്വദേശി പട്ടേല്‍ കോരുക്കുട്ടി (60), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇവര്‍. കൂടുതല്‍ മലയാളികള്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മരിച്ചവരിലേറെയും തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സ്വദേശികളാണ്.
104 മൃതദേഹങ്ങളും കുമളിയിലെ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും.
മരിച്ചവരില്‍ 18 തമിഴ്‌നാട് സ്വദേശികളെയും 12 കര്‍ണാടക സ്വദേശികളെയും ആറ് ആന്ധ്ര സ്വദേശികളെയും തിരിച്ചറിഞ്ഞു. ഇവിടെ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും.മൈസൂര്‍ സ്വദേശി സുരേഷ് (19), തമിഴ്‌നാട് തിരുപ്പൂര്‍ താരാപുരം അന്‍പരശ് (42) എന്നിവരെ തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച രാത്രി 8.15ഓടെയായിരുന്നു അപകടം. മകരജ്യോതി ദര്‍ശനംകഴിഞ്ഞ് ശബരിമലയില്‍നിന്ന് പുല്‍മേട്ടിലേക്കു തിരികെവന്ന തീര്‍ഥാടകര്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍, പുല്‍മേട്ടില്‍ പാര്‍ക്ക് ചെയ്ത വാനിനുമുകളില്‍ കയറി. ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ വാന്‍ മറിഞ്ഞു. രണ്ടുതവണ കരണം മറിഞ്ഞ വാനിനടിയില്‍ നിരവധി തീര്‍ഥാടകര്‍പെട്ടു.
തുടര്‍ന്നുണ്ടായ വന്‍തിരക്കില്‍ ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഭൂതപൂര്‍വമായ തിരക്കില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാടിനുള്ളിലെ ഈ പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. . വഴിയില്‍ തീര്‍ത്ഥാടകരും വാഹനങ്ങളും നിറഞ്ഞിരുന്നതിനാല്‍, അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാറ്റിലും മറ്റും എത്തിക്കാന്‍ വൈകി.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്‍നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് പുല്ലുമേട്. ഇവിടെനിന്നാല്‍ മകരജ്യോതികാണുകയും ചെയ്യാം. ഈ വഴിയിലൂടെ ജീപ്പ് സര്‍വീസുമുണ്ടായിരുന്നു. വാഹനങ്ങള്‍ ഇട്ടിട്ട് അതില്‍നിന്നും അല്ലാതെയുമായി പതിനായിരങ്ങള്‍ ഇവിടെനിന്ന് മകരജ്യോതി കണ്ടിരുന്നു. തുടര്‍ന്ന് മടങ്ങുമ്പോഴാണ് ദുരന്തം.
അഭൂതപൂര്‍വമായ തിരക്കായിരുന്നു ഇത്തവണ മകരജ്യോതി ദര്‍ശനത്തിനുണ്ടായിരുന്നത്. ഏതാണ്ട് നാല് ലക്ഷത്തില്‍പ്പരം ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 04869 222049, 04869 253456, 04869 252244












Click it and Unblock the Notifications