മുനീര്‍Xകുഞ്ഞാലിക്കുട്ടി; ലീഗ് യോഗം ചേരുന്നു

രണ്ട് ചേരികളിലായി നിലയുറപ്പിച്ച മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ഭിന്നത ഉടന്‍ തന്നെ അവസാനിപ്പിയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോചനയാത്രയ്ക്കു ശേഷം ശനിയാഴ്ച രാത്രി പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ യുഡിഎഫ് നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ശനിയാഴ്ച ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ രണ്ടര മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇന്നു വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്..
കോഴിക്കോട്ട് ലീഗ് ഹൌസില്‍ ഞായറാഴ്ച രാവിലെ പത്തിനാണ് യോഗം. ഇന്ത്യാവിഷന്‍ ചാനലുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ഉയര്‍ന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ എംകെ മുനീറിന് അവസാന അവസരം നല്‍കി പ്രശ്‌നം താല്‍ക്കാലികമായി തീര്‍ക്കുമെന്നാണ് സൂചന.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഇന്ത്യാവിഷന്‍ ചാനലിനെതിരെ പ്രചാരണം നടത്താനുള്ള പ്രധാന തടസ്സം മുനീറിന്റെ ചെയര്‍മാന്‍ സ്ഥാനമാണ്. ചാനല്‍ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാനാകില്ലെന്ന് മുന്നറിയിപ്പ് നേരത്തെ തന്നെ മുനീറിന് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പദവി രാജിവെച്ച് ചാനല്‍ മേധാവിയായി തുടരുമെന്ന മുനീറിന്റെ തീരുമാനം ലീഗിനെ വെട്ടിലാക്കി. മുനീറിനെതിരെ നടപടിയെടുത്താല്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ അത് വലിയ കുഴപ്പം സൃഷ്ടിയ്ക്കില്ലെങ്കിലും പൊതു സമൂഹത്തില്‍ അത് തിരിച്ചടിയാവുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയ്‌ക്കെതിരെയുള്ള നീക്കം തുടര്‍ന്നാല്‍ സിഎച്ച് മുഹമ്മദ് കോയയുടെ മകനെന്ന പരിരക്ഷ പോലും മുനീറിന് നല്‍കേണ്ടെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം ആവശ്യപ്പെടുന്നത്.
തനിക്കെതിരെയുള്ള ഗൂഢാലോചന മുനീറിന്റെ അറിവോടെയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോടെയാണ് ലീഗിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.












Click it and Unblock the Notifications