സര്‍വേ: യുഡിഎഫിനും വിഎസിനും മുന്‍തൂക്കം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും സി ഫോറും (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഫോര്‍കാസ്റ്റിംഗ്) ചേര്‍ന്നു നടത്തിയ ആദ്യഘട്ട തിരഞ്ഞെടുപ്പ് അഭിപ്രായ വോട്ടെടുപ്പില്‍ യു.ഡി.എഫിനു മുന്‍തൂക്കം. യുഡിഎഫിന് 77 മുതല്‍ 87 വരെ സീറ്റ് ലഭിക്കുമെന്നാണു സര്‍വെയിലെ കണ്ടെത്തല്‍. എല്‍ഡിഎഫിന് 53 മുതല്‍ 63 വരെ സീറ്റ് ലഭിയ്ക്കാമെന്ന് സര്‍വേ പറയുന്നു. 18 ശതമാനം വോട്ടര്‍മാര്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതേ സമയം വിഎസ് മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആഗ്രഹിയ്ക്കുന്നത്. വി.എസ്.വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് 32 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. 27 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്. എ.കെ.ആന്റണിയെ 17 ശതമാനം പേരും രമേശ് ചെന്നിത്തലയെ 12 ശതമാനം പേരും പിണറായി വിജയനെ 10 ശതമാനം പേരും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രവര്‍ത്തനത്തെ 19 ശതമാനം പേര്‍ വളരെ നല്ലതെന്നും 23 ശതമാനം പേര്‍ നല്ലതെന്നും 48 ശതമാനം പേര്‍ ശരാശരി എന്നും ഏഴു ശതമാനം പേര്‍ മോശമെന്നും മൂന്നു ശതമാനം പേര്‍ വളരെ മോശമെന്നും വിലയിരുത്തുന്നു.വി.എസ്. അച്യുതാനന്ദന്‍ മത്സരരംഗത്തില്ലെങ്കില്‍ 17 ശതമാനം പേര്‍ ഇടതുപക്ഷത്തോടൊപ്പം എന്ന ഇപ്പോഴത്തെ നിലപാടു മാറ്റും.
മലബാര്‍ മേഖലയില്‍ എല്‍.ഡി.എഫിനും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യു.ഡി.എഫിനുമാണു മേല്‍ക്കൈ. തിരഞ്ഞടുപ്പു വിഷയമായി 27 ശതമാനം പേര്‍ കണക്കാക്കുന്നതു വിലക്കയറ്റമാണ്. ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും ജനങ്ങള്‍ വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് 38 ശതമാനം പേര്‍ വിശ്വസിക്കുന്നു.
കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ നല്ലതാണെന്ന് 14 ശതമാനം പേരും നല്ലതാണെന്ന് 24 ശതമാനം പേരും ശരാശരി ആണെന്ന് 48 ശതമാനം പേരും കരുതുന്നു. ഭരണം മോശമാണെന്ന് 10 ശതമാനം പേരും വളരെ മോശമാണെന്നു നാലു ശതമാനം പേരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications