പിള്ളയ്ക്ക് എസിയും കൊതുകുവലയും അനുവദിക്കില്ല
തിരുവനന്തപുരം: ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് എയര്‍കണ്ടീഷന്‍ സൗകര്യം നല്‍കാനാവില്ലെന്ന് ജയില്‍ അധികൃതര്‍.
കഴിഞ്ഞ ദിവസമാണ് ജയില്‍ മുറിയിലെ ചൂട് അസഹനീയമാണെന്നും എസി വേണമെന്നും പിള്ള ആവശ്യപ്പെട്ടത്. സൗകര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മുറിയില്‍ എ.സിയും കൊതുകുവലയും അനുവദിക്ക അനുവദിക്കാന്‍ ചട്ടമില്ലെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍. ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമില്ലെന്ന് ജയില്‍ അധികൃതര്‍ പിള്ളയെ അറിയിച്ചിട്ടുണ്ട്.
അതേസമയം തനിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പിള്ള പരാതിപ്പെട്ടിട്ടുണ്ട്. ജയിലില്‍ കാണാനെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരോടാണ് ഈ പരാതി ഉന്നയിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ദ്ധസംഘം പരിശോധിച്ച് ചികിത്സയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയ്ക്ക് ജയിലധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പിള്ള പറയുന്നത്. നിയമപരമായിത്തന്നെ ചികിത്സയ്ക്ക് അവകാശമുണ്ട്. ഇങ്ങനെപോയാല്‍ തനിക്ക് ജിവഹാനിതന്നെ സംഭവിക്കുമെന്ന് പിള്ള അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
അതിനിടെ പത്ത് ദിവസത്തെ പരോളിനുള്ള പിള്ളയുടെ അപേക്ഷയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. പിള്ളയുടെ അപേക്ഷ ലോക്കല്‍ പോലീസിന്റെയും വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ടിനായി നല്‍കിയിരിക്കുകയാണ്. അനുകൂല റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജാമ്യവ്യവസ്ഥകള്‍ പാലിച്ച് അദ്ദേഹത്തിന് പരോള്‍ നല്‍കാനാകും.
ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി പരോള്‍ അനുവദിക്കണമെന്നാണ് പിള്ള ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications