ദില്ലി: കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ മറച്ചുവെയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തിനാണ് കള്ളപ്പണക്കാരുടെ പേര് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി. ചോദിച്ചു. കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.
രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കള്ളപ്പണത്തെ കുറിച്ച് ഇതുവരെ അന്വേഷണം നടത്താതെ എന്‍ഫോഴ്‌സ്‌മെന്റ് ഇതുവരെ ഉറങ്ങുകയായിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. രാജ്യത്ത് ഇത്തരം അനീതികള്‍ നടമാടുമ്പോള്‍ ശാന്തമായി ഇരിക്കുന്നത് എങ്ങനെയാണെന്നും ജസ്റ്റീസുമാരായ ബി.എസ്.റെഡ്ഡി, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചോദിച്ചു.