സത്യ സായി ട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കും?

അഞ്ചംഗ സംഘത്തെ ഈ ആവശ്യത്തിനായി പുട്ടപര്‍ത്തിയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. ട്രസ്റ്റ് ഏറ്റെടുക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ട്രസ്റ്റിന് കൃത്യമായ ഒരു അക്കൌണ്ടിംഗ് സംവിധാനമുണ്ടോ എന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പരിശോധിച്ചു. അങ്ങനെയൊരു സംവിധാനമില്ലെങ്കില്‍ ട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സൂചന.
സാമ്പത്തികകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വി സുബ്രഹ്മണ്യം, ആരോഗ്യകാര്യ സെക്രട്ടറി പി വി രമേഷ്, മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ ഡോ. രഘുരാജു, ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ലക്ഷ്മണന്‍ റാവു, ജനറല്‍ ഫിസിഷ്യനായ ഡോ. ഭാനു പ്രസാദ് എന്നിവരായിരുന്നു സര്‍ക്കാരിന്റെ ടീമില്‍ ഉണ്ടായിരുന്നത്.
ഈ സംഘത്തിലെ ഡോക്ടര്‍മാര്‍ സായിബാബയുടെ ആരോഗ്യകാര്യങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോള്‍ മറ്റുള്ളവര്‍ ട്രസ്റ്റ് അംഗങ്ങളോട് ട്രസ്റ്റിന്റെ കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്.
180 രാജ്യങ്ങളിലായി 1200 സത്യസായി ബാബ സെന്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 40000 കോടി രൂപയുടെ ആസ്തിയാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. ഓരോ വര്‍ഷവും നൂറുകണക്കിന് കോടികളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിക്കുന്നത്.
സര്‍വകലാശാല സമുച്ചയം, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചൈതന്യജ്യോതി എന്ന ലോക മത മ്യൂസിയം, പ്ലാനിറ്റോറിയം, റയില്‍വേ സ്‌റ്റേഷന്‍, സംഗീത കോളെജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.












Click it and Unblock the Notifications