ആക്രമിച്ച കടുവയെ മുത്തുകരി വെട്ടിക്കൊന്നു
മൂന്നാര്‍: ചാടിവീണ് മുടിയില്‍ കടിച്ചുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ശ്രമിച്ച കടുവയെ യുവതി വെട്ടിക്കൊന്നു. വെള്ളിയാഴ്ച വൈകീട്ട് മാട്ടുപ്പെട്ടിയിലാണ് സംഭവം നടന്നത്. ഇരുപത്തിനാലുകാരിയായ തൊഴിലാളി മുത്തുകരിയാണ് കടുവയെ വെട്ടി അതിന്റെ വായില്‍ നിന്നും രക്ഷപ്പെട്ടത്.
ചില്ലറപരുക്കുകളേറ്റ മുത്തുകാരി സുഖം പ്രാപിച്ചുവരുന്നു. മുത്തുകരിയുടെ വെട്ടേറ്റ കടുവ ശനിയാഴ്ച പുലര്‍ച്ചയോടെ ചത്തു. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ കുട്ടിയാര്‍ ഡിവിഷനില്‍ ഗണേഷിന്റെ ഭാര്യയാണ് മുത്തുകകി. ജോലികഴിഞ്ഞ മടങ്ങുമ്പോഴാണ് ഇവരെ പതിയിരുന്ന കടുവ ആക്രമിച്ചത്.
കടുവയ്ക്ക് മുത്തുകരിയുടെ മുടിയിലാണ് പിടികിട്ടിയത്. മുടില്‍ കടിച്ചുപിടിച്ച് കടുവ ഇവരെ വലിച്ചിഴച്ചു, ഇതിനിടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അവര്‍ കടുവയെ വെട്ടി. തുടര്‍ന്ന് മുടിയിലെ പിടിവിട്ട് കടുവ കയ്യില്‍ കടിച്ച്, 20 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി.
ഇതിനിടെ മറ്റു തൊഴിലാളികള്‍ എത്തി കല്ലും കമ്പും ഉപയോഗിച്ച് കടുവയെ നേരിട്ടു. ആക്രമണം സഹിക്കവയ്യാതായപ്പോള്‍ കടുവ പിടിവിട്ട് ഉള്‍വലിഞ്ഞു. പരുക്കേറ്റ മുത്തുകരിയെ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനായി ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തലക്കേറ്റ വെട്ടാണ് കടുവയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രായം ചെന്ന കടുവയാണ് ഇതെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി കടുവയുടെ ശരീരം കത്തിച്ച് കളയുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications