ബാലകൃഷ്ണ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചു

രാവിലെ ഒന്‍പതരയോടെ അദ്ദേഹം ജയിലില്‍ നിന്നും പുറത്തുവന്നു. പുറത്തുതന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി വിസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ജയിലില്‍ തന്നെയിട്ട് കഷ്ടപ്പെടുത്തിയെന്നും എ ക്ലാസ് സൗകര്യങ്ങള്‍ നിഷേധിക്കുന്നതിന് പിന്നില്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഭക്ഷണമില്ലാത്തതിനാല്‍ തന്‍റെ തൂക്കം അഞ്ചുകിലോയോളം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലേയ്ക്കാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ആദ്യം പോയത്.
ഭാര്യയുടെ ചികിത്സക്കായി പത്തുദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പാണ് പിള്ള അപേക്ഷ നല്‍കിയിരുന്നത്.
എന്നാല്‍ അപേക്ഷയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരോളിന് പര്യാപ്തമല്ല എന്ന കാരണത്താല്‍ ആഭ്യന്തര വകുപ്പ് അത് തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചതിനെ തുടര്‍ന്ന് ഫിബ്രവരി 18 നാണ് പിള്ള പൂജപ്പുര ജയിലിലെത്തിയത്.












Click it and Unblock the Notifications