അല്‍ ക്വയ്ദയെ നയിക്കാന്‍ സവാഹിരി?

ഒസാമ കൊല്ലപ്പെട്ടപ്പോള്‍ ഉയരുന്ന അടുത്ത ചോദ്യം ഇയാളുടെ ഭീകരസാമ്രാജ്യമായ അല്‍ ക്വയ്ദയുടെ ക്രൂരതയില്‍ നിന്നും ലോകത്തിന് ഇനിയെങ്കിലും രക്ഷയുണ്ടോയെന്നാണ്. അത്തരമൊരു പ്രതീക്ഷയ്ക്ക് വകയുണ്ടാവില്ലെന്നുതന്നെ വേണം കരുതാന്‍.
കാരണം ഇത്രയേറെ പടര്‍ന്നുപന്തലിച്ച ഒരു തീവ്രവാദശൃംഗലയ്ക്ക് രൂപം നല്‍കുകയും ലോകശക്തിയായ അമേരിക്കയോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത ലാദന്‍ തനിക്ക് ശേഷവും ശക്തമായി നിലനില്‍ക്കത്ത രീതിയില്‍ത്തന്നെയായിരിക്കും സാമ്രാജ്യം വളര്‍ത്തിയെടുത്തത്.
അമേരിക്കയുടെ വേട്ടയാടലില്‍ നിന്നും രക്ഷനേടാന്‍ പുറംലോകത്ത് പ്രത്യക്ഷപ്പെടുകപോലും ചെയ്യാതിരുന്ന ലാദന്‍ തീര്‍ച്ചയായും അല്‍ ക്വയ്ദയിലെ അധികാര കൈമാറ്റങ്ങളും തീരുമാനിച്ചുവച്ചിട്ടുണ്ടാകണം. ബിന്‍ലാദന്റെ പിന്‍ഗാമികളായി ഇനി പുതിയ ആളുകള്‍ അല്‍ ക്വയ്ദയെ മുന്നോട്ടുകൊണ്ടുപോകുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതോടെ നേതൃനിരയില്‍ രണ്ടാമനായി അറിയപ്പെടുന്ന അയ്മന്‍ അല്‍ സവാഹിരി അല്‍ക്വയിദയുടെ പുതിയ തലവനാകുമെന്ന് റിപ്പോര്‍ട്ട്. ഈജിപ്തില്‍ ജനിച്ച സവാഹിരി ഡോകര്‍ ബിരുദമുള്ളയാളാണ്.
സവാഹിരിയും എഫ്.ബി,ഐ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ബിന്‍ലാദന് താഴെയുള്ളയാണ്. അല്‍ക്വയ്ദയെ നയിക്കുന്നത് ലാദനാണെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളുടെ ഏകോപനവും, മറ്റും സാദ്ധ്യമാക്കുന്നത് സവാഹിരിയാണ്.
അടുത്തിടെ പുറത്തു വിട്ട വീഡിയോയില്‍ ലിബിയയിലെ നാറ്റോ സേനയ്‌ക്കെതിരെ പോരാടാന്‍ സവാഹിരി ആഹ്വാനം ചെയ്തിരുന്നു.
സമാന്തരരേഖയില്‍ സഞ്ചരിച്ച് ഒരേ താവളത്തില്‍ എത്തിയവരാണ് ഒസാമ ബിന്‍ലാദനും സവാഹിരിയും. ഇസ്ലാമിന്റെ ശത്രുക്കളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒസാമ അല്‍ക്വയ്ദയിലൂടെയും സവാഹിരി ഇസ്ലാമിക് ജിഹാദിലൂടെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1987ല്‍ പാകിസ്ഥാനില്‍ വച്ചാണ് സവാഹിരി ഒസാമയുമായി പരിചയപ്പെടുന്നത്.












Click it and Unblock the Notifications