സുഭാഷിനെ സംശയമെന്ന് ഇന്ദുവിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം: തീവണ്ടി യാത്രക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ വീട്ടിലെത്തി െ്രെകംബ്രാഞ്ച് മാതാപിതാക്കളുടെ മൊഴിയെടുത്തു.
ഇന്ദു കൊല്ലപ്പെട്ടതു തന്നെയാണെന്നും, കൂടെ യാത്ര ചെയ്ത എന്‍ഐടി അധ്യാപകന്‍ സുഭാഷിനെയാണു സംശയമെന്നുമാണ് ഇന്ദുവിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആന്റി ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡ് എസ്പി: പി.എന്‍. ഉണ്ണിരാജയാണ് ഇന്ദുവിന്റെ മാതാപിതാക്കളായ കൃഷ്ണന്‍ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും മൊഴിയെടുത്തത്.
ഒരു കാരണവശാലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, ഇന്ദുവിന്റെ താല്‍പര്യപ്രകാരമാണ് അഭിഷേകുമായി വിവാഹം ഉറപ്പിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. സന്തോഷവതിയായി യാത്ര പുറപ്പെട്ട ഇന്ദു ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന അഭിഷേകിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്നാണ് സൂചന. അഭിഷേകുമായുള്ള വിവാഹത്തിന് ഇന്ദുവിനു പൂര്‍ണ സമ്മതമായിരുന്നോ, ഇന്ദു ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണു ക്രൈംബ്രാഞ്ച് അറിയാന്‍ ശ്രമിക്കുന്നത്.
ഇതിനിടെ സുഭാഷിനെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയനാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ദുവിന്റെ ദുരൂഹമരണം സംബന്ധിച്ചു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സുഭാഷിനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.
സുഭാഷിനെ കേസില്‍ പ്രതിയാക്കുന്നതിന് അടിസ്ഥാനമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇയാള്‍ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇന്ദുവിന്റെ മരണം സംബന്ധിച്ച ദുരൂഹത വൈകാതെ നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications