വിഎസ് മന്ത്രിസഭയുടെ അവസാനയോഗം ബുധനാഴ്ച
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗം ഏപ്രില്‍ 11ന് ബുധനാഴ്ച ചേരും. അഞ്ചുവര്‍ഷത്തെ ഭരണത്തിന് ശേഷം 20പേര്‍ യാത്രപറഞ്ഞ് സെക്രട്ടേറിയറ്റിന്റെ പിടിയിറങ്ങും. പിന്നീട് കുറച്ചുദിവസങ്ങള്‍കൂടി ഇവര്‍ സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം മന്ത്രിമാരായി തുടരും.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കം ബഹുഭൂരിപക്ഷം മന്ത്രിമാരും വീണ്ടും ജനവിധി തേടിയവരാണ്. എന്നാല്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയാലും ഇവരെല്ലാം മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നില്ല. കാരണം എല്ലാവര്‍ക്കും കടുത്ത മത്സരത്തെയാണ് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്.
തോമസ് ഐസക്ക്, പി.കെ. ഗുരുദാസന്‍, ജി. സുധാകരന്‍, മുല്ലക്കര രത്‌നാകരന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.കെ. ബാലന്‍, സി.ദിവാകരന്‍, ജോസ് തെറ്റയില്‍, വി. സുരേന്ദ്രന്‍ പിള്ള, എസ്. ശര്‍മ, എളമരം കരീം, എം.എ. ബേബി, എന്‍.കെ. പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് രണ്ടാമൂഴത്തിന് ഒരുങ്ങിയിരിക്കുന്നവരാണ്.
ഇവരില്‍ എത്രപേര്‍ തിരികെ സഭയില്‍ എത്തുമെന്നറിയാന്‍ വോട്ടെണ്ണല്‍ ദിവസമായി വെള്ളിയാഴ്ചവരെ കാത്തിരിക്കണം. അവസാന മന്ത്രിസഭായോഗം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഇതിന്റെ ഭാഗമായി അവസാന മന്ത്രിസഭായോഗം ചേരുന്ന ബുധനാഴ്ച മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി സദ്യ നല്‍കും.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഫോട്ടോയുമെടുക്കും. മന്ത്രിസഭായോഗത്തിനും തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന പതിവ് വാര്‍ത്താസമ്മേളനത്തിനും ശേഷം ഉച്ചയ്ക്ക് തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി സദ്യ ഒരുക്കിയിരിക്കുന്നത്.
മെയ് നാലിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വിരുന്ന് വിഷയമായിരുന്നു. ഇത്തവണ മത്സരരംഗത്തില്ലാത്ത മന്ത്രിമാരാണ് മുഖ്യമന്ത്രി യാത്രയയപ്പ് തരണമെന്ന് ആവശ്യപ്പെട്ടത്. വിഎസ് ഇതിന് സമ്മതം മൂളുകയായിരുന്നു.












Click it and Unblock the Notifications