ചാണ്ടി ആഭ്യന്തരം വച്ചുനീട്ടി; രമേശിന് കുലുക്കമില്ല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രൂപ്പുവ്യത്യാസമില്ലാതെ പാര്‍ട്ടിയില്‍ നിന്നും ഒരേസ്വരത്തിലാണ് ചെന്നിത്തല മന്ത്രിയാകണമെന്ന ആവശ്യമുയരുന്നത്.
ചെന്നിത്തല മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറാവുകയാണെങ്കില്‍ ആഭ്യന്തരം തന്നെ നല്‍കാന്‍ താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ചെന്നിത്തലയെ ചാണ്ടി നേരിട്ടറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സര്‍ക്കാറില്‍ മന്ത്രിയാവാനില്ലെന്ന നിലപാടില്‍ നിന്നും ചെന്നിത്തല കടുകിട മാറുന്നില്ലെന്നാണ് സൂചന.
സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ചെന്നിത്തല ഉറപ്പുകൊടുത്തെങ്കിലും ചെന്നിത്തല മന്ത്രിസഭയിലില്ലാതെ ഭരണം സ്വസ്ഥമാകില്ലന്ന ആശങ്കയിലാണത്രേ ഉമ്മന്‍ചാണ്ടി.
മന്ത്രിമാരാകാന്‍ ശുപാര്‍ശചെയ്യപ്പെട്ടവരുടെ പട്ടികയുമായി ദില്ലിയിലെത്തിയിരിക്കുന്ന ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഇക്കാര്യം ആന്റണിയുമായി ചര്‍ച്ചചെയ്‌തേയ്ക്കുമെന്നാണ് സൂചന. ആന്റണി ഇടപെട്ടാല്‍ ചെന്നിത്തല നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഭ്യന്തര വകുപ്പ് ഇല്ലാത്ത മുഖ്യമന്ത്രിയാകാന്‍ നേരത്തേ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയാകാനാണ് ആഗ്രഹിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് നല്കിയാല്‍ മന്ത്രിയാകാന്‍ ചെന്നിത്തല തയ്യാറായിരുന്നുവെന്നും കേള്‍ക്കുന്നു.
ഉമ്മന്‍ ചാണ്ടി ആദ്യം ഈ കടുംപിടുത്തം കാട്ടിയതിനെ ഇപ്പോള്‍ ചെന്നിത്തലയുടെ പക്ഷക്കാര്‍ പഴിയ്ക്കുകയാണ്. മന്ത്രിസഭയില്‍ ചേരാതെ ചെന്നിത്തല പുറത്തുനിന്നും ഗ്രൂപ്പുകളിയ്ക്കുമെന്ന് പേടിക്കുന്നവരാണ് പലനേതാക്കളും, ഇക്കൂട്ടത്തില്‍ ആന്റണിയുമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് പിടിക്കാത്ത കേന്ദ്രത്തിലുള്ള വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെപ്പോലുള്ള നേതാക്കള്‍ ചെന്നിത്തല പുറത്തുനില്‍ക്കട്ടെയെന്ന നിലപാടിലാണത്രേ.
മന്ത്രിസഭയില്‍ ചേരില്ലെന്നത് സ്വന്തം തീരുമാനമെന്നാണ് ചെന്നിത്തല പറയുന്നതെങ്കിലും ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറിനില്‍ക്കലെന്ന് ശക്തമായ അഭ്യൂഹമുണ്ട്. കഷ്ടിച്ചു ഭൂരിപക്ഷം കിട്ടിയ മുന്നണി സര്‍ക്കാരുണ്ടാക്കുന്ന ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ഹൈക്കമാന്‍ഡ് ചെന്നിത്തലയോടു നിര്‍ദേശിക്കുകയാണുണ്ടായതെന്നാണ് കേള്‍ക്കുന്നത്.












Click it and Unblock the Notifications