റഷ്യക്കാരിയുടെ മൃതദേഹം 16മാസമായി മോര്‍ച്ചറിയില്‍
പനാജി: റഷ്യക്കാരിയായ റ്ററ്റിയാന ഡ്രസ്റ്റിയ (37) മരിച്ചിട്ട് ഒന്നേകാല്‍ വര്‍ഷമാകുന്നു. എന്നാല്‍ ഇവരുടെ മൃതദേഹം ഇപ്പോഴും ഗോവ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. രണ്ടു വര്‍ഷമായി ഡ്രസ്റ്റിയ ഒരു സുഹൃത്തിനൊപ്പം അഞ്ചുനയില്‍ താമസിച്ചു വരികയായിരുന്നു. 2010 മാര്‍ച്ച് 24ന് ഇവര്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
റ്ററ്റിയാനയുടെ പാസ്‌പോര്‍ട്ടോ വിസയോ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അഞ്ചുന പോലീസ് ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ഒ) വിവരമറിയിച്ചു. അവര്‍ റഷ്യന്‍ കോണ്‍സുലേറ്റിനോട് ശവസംസ്‌കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍ 2010 ആഗസ്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കളെ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് അറിയിപ്പു കിട്ടി. പിന്നീട് ഒരു വിവരവുമില്ല. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സ്ഥലമില്ലെന്നും 2011 മെയ് മാസത്തില്‍ വീണ്ടും റഷ്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചു. എന്നാല്‍ ഇതു വരെ ഇവരില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
സാധാരണഗതിയില്‍ അസ്വഭാവിക മരണം സംഭവിച്ചവരുടെ മൃതദേഹം മാത്രമേ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ കൂടുതല്‍ സമയം വയ്ക്കാറുള്ളൂ. ഒരുമാസത്തിനകം ഇവ മാറ്റുകയും ചെയ്യും. എന്നാല്‍ ഒന്നേകാല്‍ വര്‍ഷത്തോളമായി മോര്‍ച്ചറിയിലിരിക്കുന്ന മൃതദേഹം റഷ്യയില്‍ നിന്നുള്ള അറിയിപ്പ് വരാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍.












Click it and Unblock the Notifications