പിള്ളയുടെ വീട്ടില്‍ മോഷണം; കള്ളന്മാര്‍ പിടിയില്‍
കൊട്ടാരക്കര: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലെ വീട്ടില്‍ മോഷണം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപവന്‍ വരുന്ന മോതിരവും രണ്ട് വാച്ചുകളുമാണ് പിള്ളയുടെ വീട്ടില്‍ നിന്നും ഇവര്‍ മോഷ്ടിച്ചത്.
മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇടയേ്ക്കാട് രാജേഷാണ്(27) ആദ്യം പിടിയിലായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍കൂടി ഒപ്പമുണ്ടായിരുന്നുവെന്ന് തെളിയുകയും പാരിപ്പള്ളി സ്വദേശിയായ രണ്ടാമനെ പിടികൂടുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ മുന്‍വശത്തെ രണ്ട് വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. പിള്ളയുടെ ഓഫീസിലെ മേശതുറന്ന് എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കാര്യസ്ഥന്‍ കൃഷ്ണപിള്ളയുടെ മോതിരവും രണ്ട് വാച്ചുകളുമാണ് കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. വാച്ചുകള്‍ തിരികെ ലഭിച്ചിട്ടുണ്ട്.
വീടിന്റെ എതിര്‍വശത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം ആദ്യം അറിയുന്നത്. ശബ്ദംകേട്ട അദ്ദേഹം കടയുടമയെ വിവരം അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസ് വീടുവളഞ്ഞ് തിരച്ചില്‍ നടത്തിയാണ് കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ആഡംബര കാറിനടിയില്‍ ഒളിച്ചിരുന്ന കള്ളനെ കീഴ്‌പ്പെടുത്തിയത്. ഇയാളില്‍നിന്നാണ് രണ്ട് വാച്ചുകള്‍ കണ്ടെടുത്തത്. വിരലടയാളവിദഗ്ദ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
പിള്ളയുടെ വീട്ടില്‍ മൂന്നാംതവണയാണ് കള്ളന്‍ കയറുന്നത്. വാളകത്തെ വീട്ടില്‍ ഒന്നരവര്‍ഷത്തിനിടയില്‍ രണ്ടുതവണ കള്ളന്‍ കയറിയിരുന്നു. ഒരുതവണ മുന്‍ വശത്തെ വാതില്‍ തകര്‍ത്തെങ്കിലും ഒന്നും കൊണ്ടുപോയില്ല. രണ്ടാമത് മുറ്റത്തുനിന്നിരുന്ന ചന്ദനമരം മുറിച്ചുകടത്തി. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications