വാളകം ദുരൂഹതയേറുന്നു

വെളുത്ത ആള്‍ട്ടോ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആള്‍ട്ടോ കാറിന്റെ ഉയരം വച്ചു നോക്കുമ്പോള്‍ ഇത്തരമൊരു അപകടമുണ്ടായാല്‍ അധ്യാപകന്റെ മുട്ടിന് തീര്‍ച്ചയായും പരിക്കേറ്റിരിക്കും. എന്നാല്‍ കൃഷ്ണകുമാറിന്റെ ഇടുപ്പെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇനി ആള്‍ട്ടോ കാര്‍ അല്ല മറ്റേതെങ്കിലുമൊരു വാഹനമാണെന്ന് വാദിയ്ക്കാമെങ്കില്‍ പോലും ഒരു വാഹനം ഇടിച്ചാല്‍ ഉണ്ടാകാവുന്ന പരിക്കുകള്‍ ഒന്നും കൃഷ്ണകുമാറിന്റെ ശരീരത്തിലില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവ ദിവസം 10.10ന് കൃഷ്ണകുമാര്‍ നിലമേലില്‍ നിന്ന് ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. 10.30ഓടെയാണ് അധ്യാപകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 20 മിനിറ്റു കൊണ്ട് അധ്യാപകനെ മറ്റേതെങ്കിലും സ്ഥലത്ത് കൊണ്ടു പോയി മര്‍ദ്ദിച്ചതാകാമെന്ന വാദവും വിശ്വസിനീയമല്ല.
കൃഷ്ണകുമാര്‍ പരിക്കേറ്റു കിടക്കുന്നത് ആദ്യം കണ്ട വാളകം സ്വദേശി ജോസഫാകട്ടെ താന്‍ അക്രമികളെ കണ്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങാന്‍ അധ്യാപകന്റെ പരസ്പര വിരുദ്ധമായ മൊഴികളും കാരണമാണ്. ആദ്യം താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അധ്യാപകന്‍ പിന്നീട് താന്‍ നിലമേല്‍ പോയി എന്നു സമ്മതിച്ചു.
നിലമേല്‍ നിന്ന് വാളകത്ത് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തന്നെ നാലംഗ സംഘം ആക്രമിയ്ക്കുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ നിലമേലില്‍ നിന്ന് കയറിയ ആരും വാളകം സ്റ്റോപ്പില്‍ ഇറങ്ങിയിട്ടില്ലെന്നാണ് ബസ്‌കണ്ടക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. താന്‍ സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം എന്നു പറഞ്ഞ അധ്യാപകന്‍ പിന്നീട് ബസിറങ്ങി നടക്കുമ്പോഴായിരുന്നുവെന്ന് തിരുത്തുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനും അധ്യാപകന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications