അണപൊട്ടിയാല്‍ ആദ്യം മുങ്ങുക കോട്ടയവും ആലപ്പുഴയും

അഴുത, മീനച്ചില്‍ ആറുകളിലേയ്ക്കായിരിക്കും അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളമൊഴുകുക. ഇത് ഈ രണ്ടു ജില്ലകളിലും പ്രവചിക്കാനാകാത്ത നാശനഷ്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു കൂടാതെ വാഗമണ്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും കുത്തിയൊലിച്ച് വരുന്ന വെള്ളം ഏറ്റവും കൂടുതല്‍ നാശഷനഷ്ടങ്ങളുണ്ടാക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സെന്‍സസ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇപ്പോള്‍ അണക്കെട്ട് തകരുന്ന സഹാചര്യത്തില്‍ എന്തുചെയ്യാമെന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ദുരന്ത നിവാരണ പദ്ധതികള്‍ ഫലപ്രദമാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുല്ലപ്പെരിയാറിലെ അണ പൊട്ടിയാല്‍ വെള്ളം കൂടുതലും ഇടുക്കി അണക്കെട്ടിലാവും വരുകയെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ ദുരന്ത നിവാരണപദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇടുക്കി അണക്കെട്ടില്‍ എത്തുന്നതിന മുമ്പ് ന്നെ അഴുത, മീനച്ചില്‍ ആറുകളില്‍ വന്‍കുത്തൊഴുക്കുണ്ടാകും. ഇതു കണക്കിലെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വണ്ടിപ്പെരിയാറിനു സമീപംവച്ച് വെള്ളം അഴുതയിലേക്കും വാഗമണിനടുത്തുവച്ച് മീനച്ചിലാറിലേക്കുമായിരിക്കും ശക്തമായി ഒഴുകുക. ഇതോടെ മീനച്ചിലാറുമുതല്‍ പമ്പയാറുവരെയുള്ള ഭാഗം കടുത്ത നാശനഷ്ടങ്ങള്‍ക്കു വിധേയമാകും. ഈ ഒഴുക്കില്‍ പുതിയ ആറുകളും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റീജിയണല്‍ ഡിവിഷന്‍സ് ഓഫ് ഇന്ത്യ എ കാര്‍ട്ടോഗ്രാഫിക് അനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇത് തകര്‍ന്നാല്‍ വെള്ളം ഒഴുകുന്നത് വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായിരിക്കുമെന്നാണ് സെന്‍സസ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
അതേസമയം ഇടുക്കി അണക്കെട്ടിന്റെ അവസ്ഥയും അപകടകരമാണെന്നും വെള്ളത്തിന്റെ ശക്തിയും അതിനൊപ്പം വരുന്ന മറ്റുവസ്ഥുക്കളുടെ ഭാരവും ഇടുക്കി അണക്കെട്ടിനെ അപകടത്തിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications