ഗര്‍ഭിണി മരിച്ചതിന് വനിതാഡോക്ടറെ വെട്ടിക്കൊന്നു

തൂത്തുക്കുടി ആവുടയാര്‍പുരം സ്വദേശി മഹേഷ് (27) ഉള്‍പ്പെടെ നാലംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ മഹേഷ് ഒളിവിലാണ്. മറ്റു മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടിയില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷാ െ്രെഡവറായ മഹേഷിന്റെ ആറു മാസം ഗര്‍ഭിണിയായ ഭാര്യ നിത്യയെ (24) ചികിത്സിച്ചിരുന്നത് ഡോക്ടര്‍ സേതുലക്ഷ്മിയായിരുന്നു. കഴിഞ്ഞ 30ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി വ്യക്തമായി. ഗുരുതരനിലയിലായ യുവതിയെ ഉയര്‍ന്ന ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെയെത്തി സേതുലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയക്കിടെ നിത്യ മരിയ്ക്കുകയായിരുന്നു
ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു കാരണം ഡോ. സേതുരാമലക്ഷ്മിയാണെന്ന് ധരിച്ച മഹേഷ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ രോഗിയാണെന്ന വ്യാജേന മൂന്നു കൂട്ടാളികള്‍ക്കൊപ്പം ക്‌ളിനിക്കിലെത്തുകയായിരുന്നു. ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചയുടന്‍ സംഘം ഒളിപ്പിച്ചുവെച്ച അരിവാള്‍കൊണ്ട് ഡോക്ടറെ വെട്ടിവീഴ്ത്തി. തലങ്ങുംവിലങ്ങും വെട്ടേറ്റ ഡോ. സേതുരാമലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി ആവുടയാര്‍പുരം സ്വദേശികളായ രാജ, അബ്ബാസ്, ഗുരുമുത്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷിനെ തിരഞ്ഞുവരുന്നു. മരിച്ച സേതുരാമലക്ഷ്മിയുടെ മകള്‍ അമേരിക്കയിലും മകന്‍ തിരുവനന്തപുരത്തും ഡോക്ടര്‍മാരാണ്.












Click it and Unblock the Notifications