കുരുക്കഴിയ്ക്കാന്‍ മന്ത്രിതല അഴിച്ചുപണി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറും. തിരുവഞ്ചൂരിന് പകരം അടൂര്‍ പ്രകാശ് പുതിയ റവന്യൂ മന്ത്രിയായി ചുമതലയേല്‍ക്കും.
അതേസമയം അടൂര്‍ പ്രകാശിന് പകരം ആരോഗ്യ വകുപ്പ് വിഎസ് ശിവകുമാര്‍ ഏറ്റെടുക്കും. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ആര്യാടന്‍ മുഹമ്മദിന് നല്‍കും. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന ആര്യാടന് വൈദ്യുതി വകുപ്പിന് പുറമേ ഗതാഗത വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം.
അഞ്ചാം മന്ത്രിയ്‌ക്കെതിരെ രംഗത്തു വന്ന എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെ തണുപ്പിക്കാനായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായാണ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.
വകുപ്പ് മാറ്റത്തിന് ഹൈക്കമാന്‍ഡ് വ്യാഴാഴ്ച രാവിലെ അനുമതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആര്യാടന്‍ മുഹമ്മദ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു.












Click it and Unblock the Notifications