ടൂറിസ്റ്റുകള്‍ ഫോറസ്റ്റ് ഓഫീസറെ കൊന്നു
സിര്‍സി: വിനോദസഞ്ചാരികളുടെ മര്‍ദനമേറ്റു ഫോറസ്റ്റ് ഓഫിസര്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ ഡന്‍ഡെലിയിലുള്ള ക്രൊക്കഡൈല്‍ വാലി റിസോര്‍ട്ടിലാണ് സംഭവം. എം.എച്ച്. നായക് ആണ് മരിച്ചത്.
മുതലകള്‍ക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബാഗല്‍കോട്ട് നിന്നു വന്ന 16 അംഗ സംഘം കാളി നദിയിലെ മുതലകള്‍ക്ക് ഇറച്ചിയെറിഞ്ഞു കൊടുക്കുന്നത് നായിക്കിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് മുതലകള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന് ഫോറസ്റ്റ് ഓഫീസര്‍ വിനോദസഞ്ചാരി സംഘത്തെ വിലക്കി. എന്നാല്‍ ഇത് കൂട്ടാക്കാന്‍ ഇവര്‍ തയ്യാറായില്ല. ഈ സമയത്ത് നായികിനൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ താന്‍ പറഞ്ഞത് ചെവിക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കിയ ഫോറസ്റ്റ് ഓഫീസര്‍ കുടുംബത്തോടൊപ്പം തിരികെ നടന്നു.
ഈ സമയത്ത്് നായികിന്റെ 16 വയസ്സുകാരനായ മകന്‍ തന്റെ ക്യാമറയില്‍ വിനോദസഞ്ചാരികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ഇതുകണ്ട വിനോദസഞ്ചാരികള്‍ നായികനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ നായികിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു.
സംഭവസ്ഥലത്ത് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ എസ്ഡിഎം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനോദസഞ്ചാരികളെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ഇവരില്‍ പത്തു പേരെ പിന്നീട് വിട്ടയച്ചു. ബാഗല്‍കോട്ട് നിന്നുള്ള ഒരു സബ് ഇന്‍സ്‌പെക്ടറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ നടപടിയെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications