പി ശശിക്കെതിരെ മാനഭംഗക്കേസ്
കാസര്‍കോട്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്‍ മേല്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ സെക്ഷന്‍ 376 പ്രകാരം നീലേശ്വരം പൊലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.
ശശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 'ക്രൈം' എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നീലേശ്വരം പാലായിയിലെ പ്രകൃതി ചികില്‍സാ കേന്ദ്രത്തില്‍ കണ്ണൂരിലെ ഡിവൈഎഫ്‌ഐ മുന്‍ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്നു കണ്ടെത്തി അച്ചടക്ക നടപടി എടുത്തിട്ടും പൊലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്. നീലേശ്വരം സിഐ സി.കെ. സുനില്‍കുമാറിനാണ് അന്വേഷണച്ചുമതല. അന്വേഷണ നടപടികള്‍ ഇന്നുതന്നെ തുടങ്ങുമെന്നു സിഐ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്റെ ഒരു എം എല്‍ എയും നല്‍കിയ പരാതികളാണ് ശശിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.












Click it and Unblock the Notifications