ഗസല്‍ ഇതിഹാസം മെഹ്ദി ഹസ്സന്‍ അന്തരിച്ചു

1927 ജൂലായ് 28ന് രാജസ്ഥാനിലെ ലൂണ എന്ന ഗ്രാമത്തില്‍ സംഗീത പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തില്‍ ജനിച്ച ഹസ്സന്‍ ഇന്ത്യ വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഗസല്‍ ചക്രവര്‍ത്തിയായാണ് അദ്ദേഹത്തെ സംഗീതലോകം വിശേഷിപ്പിച്ചിരുന്നത്. 'ആബ് കി ബിചാദെ', 'പട്ട പട്ട ബൂട്ട' തുടങ്ങി അദ്ദേഹം പാടിയ നിത്യഹരിത ഗസലുകള്‍ ഒട്ടേറെയുണ്ട്.
പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. ഹിന്ദുസ്ഥാനിസംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്രുപദ് സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയില്‍ ഖാന്റെയും ശിഷ്യണത്തില്‍ തന്റെ ആറാമത്തെ വയസില്‍ സംഗീതം അഭ്യസിച്ചുതുടങ്ങിയ മെഹ്ദി ഹസന്‍, തുമ്രി, ദ്രുപദ്, ഖായല്‍, ദാദ്ര എന്നീ സംഗീതശൈലികളില്‍ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സില്‍ ജയ്പൂര്‍ രാജസദസ്സില്‍ വെച്ചു നടത്തിയ പ്രകടനത്തെതുടര്‍ന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയര്‍ന്നു.
വിഭജനകാലത്ത് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് കുടിയേറിയ മെഹ്ദി ഹസന്‍ ഏറെക്കാലം അഹമ്മദ് റുഷ്ദിയോടൊപ്പം പാക് സിനിമ ലോകം അടക്കിഭരിച്ചു. പാകിസ്താന്‍ സര്‍ക്കാര്‍ നിരവധി ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. പാകിസ്ഥാനിലെ ബഹുമതികളയ തംഘാ ഇ-ഇംത്യാസ്, ഹിലാല്‍-ഇ-ഇംത്യാസ് പുരസ്‌കാരങ്ങള്‍ ഇതില്‍ പെടുന്നു.
1979ല്‍ ഇന്ത്യയില്‍ നിന്നും സൈഗാള്‍ അവാര്‍ഡ് ലഭിച്ചു. 1983ല്‍ നേപ്പാള്‍ ഗൂര്‍ഖ ദക്ഷിണ്‍ ബാഹു പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. പിന്നീട് 1999ല്‍ നൂറ്റാണ്ടിലെ ഗായകനുള്ള അവാര്‍ഡ്, 2000ല്‍ സഹസ്രാബ്ദത്തിന്റെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു.
ൃ
ഇന്ത്യയിലും അതിവിപുലമായ ആരാധകവൃന്ദമുള്ള മെഹ്ദി ഹസ്സന്‍ 2000 ത്തിലാണ് അവസാനമായി ഒരു ഇന്ത്യില്‍ വേദിയില്‍ പാടിയത്. പിന്നീട് 2008 ല്‍ ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചെങ്കിലും മുംബൈ ആക്രമണത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കി. അതിന് ശേഷം 2010 ല്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒപ്പം ആ യാത്രയില്‍ ലതാ മങ്കേഷ്‌കര്‍, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷേ അതും നടന്നില്ല. മെഹ്ദി ഹസ്സന്റെ വേര്‍പാടോടെ സംഗീതത്തിന്റെ ഒരു യുഗം തന്നെയാണ് അവസാനിയ്ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications