പാകിസ്താന്‍ വ്യോമകേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം
കറാച്ചി: പാകിസ്താന്‍ വ്യോമസേനയുടെ കംറായിലുള്ള മിന്‍ഹാസ് എയര്‍ബേസ് ആയുധധാരികളായ ഒരു സംഘം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. ആക്രമണത്തെ തുടര്‍ന്ന് വ്യോമസേന ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. വെടിവെപ്പ് നടക്കുന്നതിന്റെ ശബ്ദുവും കേള്‍ക്കാം-അന്താരാഷ്ട്രവാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പട്ടാളയൂനിഫോമിലെത്തിയ സംഘം പുലര്‍ച്ചെ രണ്ടു മണിയോടെ ബേസിലേക്ക് ഇരച്ചുകയറുകയായിരുന്നു. രാജ്യത്തെ തീവ്രവാദി ഗ്രൂപ്പുകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ചാവേര്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2011 മെയില്‍ കറാച്ചിയിലുള്ള മെഹ്‌റാന്‍ നാവിക കേന്ദ്രത്തിനു നേരെ ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. 17 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തീവ്രവാദികളെ തുരത്തുമ്പോഴേക്കും 10 സൈനികരാണ് കൊല്ലപ്പെട്ടത്.
പഞ്ചാബ് പ്രവിശ്യയായ കംറയില്‍ ഒരു സൈനിക ചെക് പോസ്റ്റിലുണ്ടായ ആക്രമണത്തില്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മിന്‍ഹാസ് പാകിസ്താന്റെ ഏറ്റവും വലിയ എയര്‍ബേസുകളിലൊന്നാണ്. ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ജെഎഫ് 17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്.












Click it and Unblock the Notifications