കൂടംകുളം സന്ദര്‍ശിക്കാതെ വിഎസ് മടങ്ങി

  • Posted By:
Subscribe to Oneindia Malayalam
Achuthanandan
തിരുവനന്തപുരം: കൂടംകുളം സന്ദര്‍ശിക്കാതെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മടങ്ങി. കളിയിക്കാവിളയില്‍ വച്ച് വിഎസിനെ തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. 400 ദിവസം പിന്നിടുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കൂടംകുളത്ത് എത്തിച്ചേരാനാകാത്തതില്‍ നിരാശയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിഎസ് കൂടംകുളത്തേയ്ക്ക്

തിരുവനന്തപുരം: പാര്‍ട്ടി എതിര്‍പ്പ് അവഗണിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച കൂടംകുളത്തേക്ക് പോകുന്നു. എന്ത് വന്നാലും കൂടംകുളം സന്ദര്‍ശിക്കുമെന്ന് വിഎസ് അറിയിച്ചു. സമരം ചെയ്യുന്ന തമിഴ് ജനതയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കും. കൂടംകുളത്തെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ആണവനിലയം തുറന്ന് പ്രവര്‍ത്തിക്കാനെന്ന് വിഎസ് ആവശ്യപ്പെട്ടു. തമിഴ്ജനതയെ വെടിവെച്ചും തല്ലിച്ചതച്ചും ഒതുക്കാനാവില്ല. തന്റെ പ്രതിഷേധം തമിഴ്‌നാട് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വിഎസ് പറഞ്ഞു.

അതേസമയം വിഎസ്സിന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വിവിധ സിപിഎം നേതാക്കള്‍ സൂചിപ്പിച്ച് കഴിഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ യാത്ര മാറ്റിവെക്കണമെന്ന് വിഎസിനോട് കേരള പൊലീസും തമിഴ്‌നാട് പൊലീസും ആവശ്യപ്പെട്ടുവെങ്കിലും വിഎസ് ഇത് കണക്കിലെടുത്തില്ല.

സമരകേന്ദ്രമായ ഇടിന്തകരൈയില്‍ വിഎസ് എത്താതിരിക്കാന്‍ തമിഴ്‌നാട് പോലീസ് മുന്‍കരുതലുമെടുത്തു കഴിഞ്ഞു. വിഎസ്സിനെ എവിടെവെച്ച് തിരിച്ചയയ്ക്കണമെന്ന ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അറിയുന്നത്. കൂടംകുളത്ത് ആണവറിയാക്ടറിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം കൊടുമ്പിരികൊണ്ടിരിക്കേ കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ സന്ദര്‍ശനം സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിച്ചു കഴിഞ്ഞു. ഇതാദ്യമായാണ് സമരത്തിന് പിന്തുണയുമായി ഒരു ജനപ്രതിനിധി അയല്‍ സംസ്ഥാനത്തുനിന്ന് ഇടിന്തകരൈയിലെത്തുന്നത്.

English summary
Achuthanandan’s visit to Kudankulam is expected to worsen the relationship between him and the CPI(M) of which he is a central committee member.
Please Wait while comments are loading...