നടി ഹേമശ്രീയുടെ മരണം കൊലയെന്ന് പൊലീസ്

ഹെബാള്‍ പോലീസ് അറസ്റ്റ് ചെയ്ത സുരേന്ദ്രബാബുവിനെ ചീഫ് മെട്രാപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പത്തു ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിയ്ക്കുകയാണ്. കൊലപാതകം കുറ്റം ചുമത്തിയാണു പോലീസ് സുരേന്ദ്രബാബുവിന് എതിരെ കേസെടുത്തിരിക്കുന്നത്.ഹേമശ്രീയുടെ പിതാവ് നാഗരാജിന്റെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസെടുത്തത്.
ആന്ധ്രയിലെ അനന്തപൂരില്‍ നിന്നു കാറില്‍ വരുമ്പോള്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായാണ് നാഗരാജിന്റെ പരാതിയില്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ ഹെബാള്‍ ബാപ്റ്റിസ്റ്റ് ആസ്പത്രിയില്‍ എത്തിച്ച ഹേമാശ്രീ മരിച്ച നിലയിലായിരുന്നു. യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഹേമശ്രീയെ മര്‍ദിച്ചതിന്റെ തെളിവുകളുണ്ടെന്ന് പരാതിയില്‍ പറയുന്നു.
തലയില്‍ മുറിവേറ്റനിലയിലായിരുന്നു. യാത്രയ്ക്കിടയില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും ഏഴുമണിക്കൂര്‍ കാറില്‍ വെള്ളംപോലും നല്‍കാതെയാണ് ബാംഗ്ലൂരില്‍ എത്തിച്ചതെന്നും നാഗരാജ് പറഞ്ഞു.
ഹേമശ്രീയെ കൊലപ്പെടുത്തിയതിന് ശേഷം ജഡം മറവുചെയ്യാന്‍ സുരേന്ദ്രബാബു ശ്രമിച്ചതായും സൂചനയുണ്ട്. സുരേന്ദ്രബാബുലിന്റെ നീക്കങ്ങള്‍ മൊബൈല്‍ ടവറിലൂടെ നിരീക്ഷിച്ചാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഹേമശ്രീയെ കൊലപ്പെടുത്തിയതിന് ശേഷം ചന്നാമങ്കേരയിലുള്ള അവരുടെ വീട്ടിലേക്ക് ജഡം കൊണ്ടുവരാനായിരുന്നു സുരേന്ദ്ര ബാബുവിന്റെ ആലോചന. പിന്നീട് ഈ ശ്രമം ഉപേക്ഷിച്ച് ഹേമശ്രീയെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ കേസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് നോര്‍ത്ത് ഡിവിഷന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എസ്.രേവണ്ണ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 22നാണ് തിരുപ്പതിയില്‍വെച്ച് സുരേന്ദ്രബാബുവും ഹേമശ്രീയും വിവാഹിതരായത്. രണ്ടാഴ്ചമുമ്പ് അലോക്കുമാറിന് ഹേമശ്രീ പൊലീസിന് പരാതി നല്‍കിയിരുന്നു. ജീവന്‍ അപായപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭര്‍ത്താവില്‍നിന്ന് ഭീഷണിയുള്ളതായും അതില്‍ വ്യക്തമാക്കിയിരുന്നു. അള്‍സൂര്‍ ഗേറ്റ് വനിതാപോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവാഴ്ച ഹേമശ്രീ മരണപ്പെടുന്നത്. സാഹചര്യത്തെളിവുകള്‍ സുരേന്ദ്രബാബുവിനെതിരാണെന്നും അതിനാല്‍ അറസ്റ്റുചെയ്യുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
ഹേമശ്രീയുടെ സംസ്‌കാരം മഗഡിറോഡ് ശ്മശാനത്തില്‍ നടത്തി. മാതാപിതാക്കളും അടുത്തബന്ധുക്കളും ചുരുക്കംചില സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ച ഹേമശ്രീ അടുത്തയിടെ ടി.വി. ചാനല്‍ പരിപാടിയില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ നോര്‍ത്ത ലോകസഭ മണ്ഡലത്തില്‍ സുരേന്ദ്രബാബു ദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications