കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ വെറുതെ വിട്ടതിനും ഹര്‍ത്താല്‍

Google Oneindia Malayalam News

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കടുവയെ മുത്തങ്ങ വനത്തില്‍ വിട്ടതില്‍ പ്രതിഷേധിച്ച് 15ന് ഹര്‍ത്താല്‍. കടുവയെ മുത്തങ്ങയില്‍ തുറന്ന് വിട്ടതില്‍ പ്രതിഷേധിച്ച് ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്താന്‍ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Wayanad Tiger

പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ജനങ്ങളുടെ കണ്ണുവെട്ടിച്ച് കുറിച്യാട് വനത്തിലൂടെ കടന്ന് മുത്തങ്ങയില്‍ കടുവയെ തുറന്നുവിട്ടതിനെ ചൊല്ലി ബത്തേരി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പ്രകോപിതരായ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. മുത്തങ്ങയില്‍ എത്തിച്ച് ബന്ദിപ്പൂര്‍ വനത്തിലേക്കാണ് കടുവയെ തുറന്നുവിട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപ്പപ്പാറയില്‍ നിന്നു കൊണ്ടു വന്ന കടുവയെ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് വയനാട് വന്യജീവി സങ്കേതത്തില്‍ തന്നെ വിടാനുള്ള നീക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ചെതലയത്ത് നാട്ടുകാര്‍ ബത്തേരി തഹസില്‍ദാര്‍ കെ കെ വിജയനെ മണിക്കുറുകളോളം തടഞ്ഞ് വെച്ചു. അപ്പപ്പാറയില്‍ നിന്നും ഇന്നലെ രാവിലെ 10 മണിയോടെയാണ് കടുവയെ മുതുമല വന്യജീവി സങ്കേത്തില്‍ തുറന്ന് വിടാനെന്ന വ്യാജേന ബത്തേരി ഭാഗത്തേക്ക് കൊണ്ടുവന്നത്.

ഇതറിഞ്ഞ നാട്ടുകാര്‍ കടുവയെ കൊണ്ടുവരുന്ന വാഹനം തടയാനായി ബീനാച്ചിയില്‍ സംഘടിച്ച് നിന്നു. തുടര്‍ന്നാണ് കടുവയുമായി വനംവകുപ്പ് മൂന്നാനക്കുഴി ഇരുളം വഴി ചെതലയത്തേക്ക് പോയത്. ചെതലയം വനത്തില്‍ കടുവയെ തുറന്ന് വിടാന്‍ വനംവകുപ്പ് ഒരുക്കം നടത്തുന്നതിനിടെ നാട്ടുകാര്‍ സംഘടിച്ചെത്തി റേഞ്ച് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ബത്തേരി-പുല്‍പള്ളി റോഡ് മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ കടുവയുമായി വനംവകുപ്പ് ഉള്‍വനത്തിലേക്ക് പോയി. ഇതോടെയാണ് തടിച്ച്കൂടിയ നാട്ടുകാര്‍ ക്ഷുഭിതരായത്. തുടര്‍ന്നാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

വിവരം അറിഞ്ഞ് മുത്തങ്ങയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. കടുവയെ വനത്തില്‍ വിട്ട് തിരിച്ച് വരികയായിരുന്ന വനംവകുപ്പിന്റെ വാഹനം മുത്തങ്ങക്ക് സമീപം കരിപ്പൂരില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞു. ജനവാസകേന്ദ്രത്തിലാണ് കടുവയെ തുറന്ന് വിട്ടതെന്ന് ആരോപിച്ച ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

കടുവശല്യത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തിരുനെല്ലി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍ നടത്തിയത്. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, അപ്പപ്പാറ എന്നിവിടങ്ങളിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും നാല് പശുക്കളെ കടിച്ചു കൊല്ലുകയും ചെയ്ത കടുവ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയതോടെയാണ് ബുധനാഴ്ച വീണ്ടും പ്രശ്‌നങ്ങളുണ്ടായത്.

തിങ്കളാഴ്ച തൊഴുത്തില്‍ കയറി രണ്ട് പശുക്കളെ കടുവ കടിച്ച് കൊന്ന അപ്പപ്പാറ പുലിവന്‍മുക്ക് എളമ്പിലശേരി ഇ ആര്‍ ജയചന്ദ്രന്റെ വീടിന് സമീപത്തെ വനത്തില്‍ തിങ്കളാഴ്ച രാത്രി സീനിയര്‍ വെറ്റിനറി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ 12 വയസ്സ് പ്രായം തോന്നിക്കുന്ന കടുവ കുടുങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ കൂടിനടുത്തെത്തിയ വനപാലകരാണ് കടുവയെ ആദ്യം കണ്ടത്.

കഴിഞ്ഞ ദിവസം കടുവ കൊന്ന പശുവിന്റെ ജഡമാണ് ഇരയായി കൂട്ടില്‍വെച്ചിരുന്നത്. കെണിയില്‍ അകപ്പെട്ട കടുവ രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തില്‍ കൂടിന്റെ കമ്പിലിടിച്ച് മുഖത്തിന് പരുക്കേറ്റിരുന്നു.

English summary
A tiger, which had strayed into a human habitat near Thirunelli in Kerala’s northern Wayanad district, was on Wednesday trapped in a cage set by the Department of Forests. The tiger was later released into the jungle but people in the locality staged intense protests due to confusion over the place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X