കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് തുടങ്ങുന്നു, കസബിനെ മറയാക്കി യുപിഎ

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കടുത്ത രാഷ്ട്രീയപ്രതിസന്ധികളില്‍ മുങ്ങിത്താഴുന്നതിനിടെ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് യുപിഎ സര്‍ക്കാരിന് മറയാവുന്നു. വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെ അഭിമുഖീകരിയ്ക്കാന്‍ കസബിന്റെ വധശിക്ഷ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഗുജറാത്തില്‍ ഡിസംബര്‍ 13, 17 തീയതികളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും കസബിന്റെ വധശിക്ഷ ഉയര്‍ത്തിക്കാണിയ്ക്കാമെന്ന കണക്കുക്കൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്.

Parliament

മഴക്കാല സമ്മേളനം കല്‍ക്കരി കുംഭകോണത്തിലകപ്പെട്ട് കലങ്ങിപ്പോയതിന് പിന്നാലെ ഡിസംബര്‍ 22വരെ നീളുന്ന ശീതകാല സമ്മേളനം ഇത്തവണയും ബഹളമയമാവാനാണ് സാധ്യത.

സഭാസമ്മേളനം സുഗമമാക്കാന്‍ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍തന്നെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഭിന്നത വ്യക്തമായിരുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ ലോക്പാല്‍ ബില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി, അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണത്തിനുള്ള നിയമം, വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍ തുടങ്ങിയ 25ഓളം നിയമങ്ങളാണ് ശീതകാല സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പലതും സഭ പ്രഷുബ്ധമാക്കാന്‍ പോന്നവയാണ്.

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ ചട്ടം 184 പ്രകാരം വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും സി.പി.എമ്മും സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.

ആദ്യദിവസംതന്നെ പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിപക്ഷം ആവശ്യപ്പെടുന്ന പ്രമേയം അവര്‍ പറയുന്ന സമയത്തുതന്നെ ചര്‍ച്ചചെയ്യുമെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് വ്യക്തമാക്കി. ഇതോടെ, തങ്ങളുടെ പ്രമേയം ചര്‍ച്ചക്കെടുത്തതിനുശേഷമേ മറ്റു നടപടികളിലേക്ക് കടക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.

യു.പി.എ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ വ്യക്തമാക്കി. 19 എം.പിമാര്‍ മാത്രമുള്ള തൃണമൂലിന്റെ അവിശ്വാസത്തെ പിന്തുണക്കുമെന്ന സൂചന ഒരു പാര്‍ട്ടിയും സര്‍വകക്ഷി യോഗത്തില്‍ നല്‍കിയില്ല.

വ്യാഴാഴ്ച രാവിലെ പതിനൊന്നിനു സഭ ചേരുമ്പോള്‍ സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കുറഞ്ഞത് 50 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ. ഈൗ സാഹചര്യത്തില്‍ തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായയെ വിളിപ്പിച്ചു പ്രമേയത്തെ പിന്തുണയ്ക്കുന്ന എംപിമാരെക്കുറിച്ചു വിവരം നല്‍കാന്‍ സ്പീക്കര്‍ ആവശ്യപ്പെടും.

മഴക്കാല സമ്മേളനം പൂര്‍ണമായും ബഹളത്തില്‍ കലാശിച്ച സാഹചര്യത്തില്‍ ഇക്കുറി എല്ലാ പാര്‍ട്ടികളും സഹകരിച്ച് സഭ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സ്പീക്കര്‍ മീരാ കുമാര്‍ അഭ്യര്‍ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X