ദുരഭിമാനക്കൊല: സഹോദരിയുടെ തലവെട്ടിയെടുത്തു
കൊല്‍ക്കത്ത: കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയായ 24കാരിയുടെ വെട്ടിയെടുത്ത തലയുമായി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നദിയാലിലെ അയൂബ് നഗറിലാണ് ദുരഭിമാനക്കൊല നടന്നത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ നിലോഫര്‍ ബീബിയെയാണ് സഹോദന്‍ മെഹ്താബ് ആലം തലവെട്ടി കൊലപ്പെടുത്തിയത്. ഇതാദ്യമായാണ് കൊല്‍ക്കത്തയില്‍ ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. എട്ടു വര്‍ഷം മുന്പാണ് നിലോഫറിന്റെ വിവാഹം നടന്നത്. നവംബര്‍ 28ന് രവീന്ദ്ര നഗറിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും പിണങ്ങി കുടുംബ വീട്ടിലെത്തിയ നിലോഫറിനെ തൊട്ടടുത്ത ദിവസം മുതല്‍ കാണാതായിരുന്നു.
സഹോദരി മുന്‍ കാമുകനായ ഫിറോസിനൊപ്പം ഉണ്ടെന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മെഹ്താബ് മനസ്സിലാക്കി. തുടര്‍ന്ന് ഫിറോസിന്റെ വീട്ടില്‍ നിന്നും നിലോഫറിനെ പിടിച്ചിറക്കി തെരുവില്‍ വച്ച് വാള്‍ കൊണ്ട് മെഹ്താബ് തല വെട്ടിമാറ്റി. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. അക്രമം നടന്ന സമയം റിക്ഷാവലിക്കാരനായി ജോലി ചെയ്യുന്ന ഫിറോസ് വീട്ടിലില്ലായിരുന്നു. മെഹതാബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഫിറോസിന്രെ സഹോദരിക്കും വെട്ടേറ്റു. ഇവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
കൊല നടത്തിയ ശേഷം പട്ടാപ്പകല്‍ വെട്ടിമാറ്റിയ ശിരസ്സും വാളുമായി റോഡിലൂടെ നടന്ന് മെഹ്താബ് നദിയാല്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശിരസ്സും വാളും പൊലീസ് സ്‌റ്റേഷനിലെ മേശപ്പുറത്ത് വച്ച ശേഷം കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സഹോദരിയെ താന്‍ കൊലപ്പെടുത്തിയെന്നും വെട്ടിമാറ്റിയ സഹോദരിയുടെ ശിരസ്സ് തെളിവായി എടുക്കണമെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു.
സ്‌റ്റേഷനില്‍ നിന്നും ഇയാള്‍ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചുവെന്നും പൊലീസ് പറഞ്ഞു.
സഹോദരിയുടെ അവിഹിത ബന്ധത്തിനുള്ള ശിക്ഷയാണ് കൊലയെന്ന് അഫ്താബ് പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ തീരുമാനപ്രകാരമല്ല കൊലയെന്നും പൊലീസിന് വിവരം ലഭിച്ചു. പൊലീസ് കസ്റ്റഡിയിലായ അഫ്താബിനെ ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications