ചാലിയത്ത് ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തി
കൊച്ചി: കോഴിക്കോട് ചാലിയത്തു മത്സ്യബന്ധന തോണിയില്‍ ഇടിച്ചെന്ന് സംശയിക്കുന്ന കപ്പല്‍ കണ്ടെത്തി. ഗുജറാത്തില്‍ നിന്നുവന്ന എംവി ഇസുമോ എന്ന ചരക്കു കപ്പലാണ് അതിര്‍ത്തിരക്ഷാസേന കണ്ടെത്തിയത്. കപ്പല്‍ പനാമയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ആഴക്കടലില്‍ നിന്നും കപ്പല്‍ പിടിച്ചത്. ഗുജറാത്തില്‍ നിന്നും സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക് പോകുകയായിരുന്നു കപ്പല്‍.
കൊച്ചി തീരത്തു നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നു. പൊലീസിനെയും മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും വിവരം അറിയിച്ചു. ഇവര്‍ നടത്തുന്ന അന്വേഷണത്തിനു ശേഷമേ കേസെടുക്കുന്നതു സംബന്ധിച്ച നടപടികള്‍ ഉണ്ടാകൂ.
സംഭവത്തില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്കേറ്റിരുന്നു. കടലുണ്ടിയില്‍ നിന്നു 11 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ചു കടലില്‍ മുങ്ങിയ അല്‍അമീന്‍ എന്ന തോണിയിലെ മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനം നടത്തുകയായിരുന്ന ഷഹര്‍ബാന്‍ എന്ന തോണിയില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു.
പരുക്കേറ്റ മത്സ്യത്തൊഴിലാളികളായ ചാലിയം സ്വദേശികളായ പുതിയപുരയില്‍ റഫീഖ്, പാണ്ടികശാല റാഫി, കോട്ടക്കണ്ടി മുനീര്‍ എന്നിവര്‍ ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്്. ഇവരുടെ പരിക്ക് നിസ്സാരമാണ്.
അമിതവേഗതയില്‍ വന്ന കപ്പല്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ തോണിയിലിടിക്കുകയായിരുന്നെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചിലിനായി രണ്ടു കപ്പലുകളും വിമാനവും കൊച്ചില്‍ നിന്നു പുറപ്പെട്ടിരുന്നു.












Click it and Unblock the Notifications