താലിബാനുമായി ചര്‍ച്ച നടത്താന്‍ കര്‍സായി ഖത്തറിന്

ഖത്തര്‍ രാജാവായ ഷെയ്ക്ക് ഖാലിഫ ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണം സ്വീകരിച്ചാണ് കര്‍സായി ഖത്തറിലേയ്ക്ക് പോകുന്നത്. ഖത്തറില്‍ താലിബാന്‍ തുടങ്ങാന്‍ പോകുന്ന ഓഫീസിനെക്കുറിച്ചും ഖത്തറുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളുമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ എന്നാണ് സൂചന.
കര്‍സായി അവിടെവച്ച് താലിബാന്‍ നേതാക്കളെ കാണുമോയെന്നകാര്യത്തില്‍ വ്യക്തതയില്ല. അതേസമയം താലിബാന്‍ നേതാക്കള്‍ കര്‍സായിയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണെന്നാണ് സൂചന. അഫ്ഗാന്‍ സര്‍ക്കാറിനെ അവര്‍ കാബൂളിലെ പാവ സര്‍ക്കാര്‍ എന്നാണ് വിശേഷിപ്പിിക്കുന്നത്. എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയാവാമെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
താലിബാന്‍ പ്രതിനിധികളും യുഎസ് ഉദ്യോഗസ്ഥരും നേരിട്ടുള്ള അനുരഞ്ജന ചര്‍ച്ച ആരംഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറിലാണ് ഈ ചര്‍ച്ച നടക്കുന്നത്. ഗ്വാണ്ടനാമോ തടവറയിലുള്ള താലിബാന്‍കാരെ മോചിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ അമേരിക്കയും താലിബാനും തമ്മിലുള്ള ഇടപാടുകള്‍ തന്റെ സര്‍ക്കാറിനെ അപ്രസക്തമാക്കുമെന്ന ഭയം കാരണം താലിബാന്‍ ഖത്തറില്‍ ഓഫീസ് തുറക്കുന്നതിനെ കര്‍സായി എതിര്‍ത്തിരുന്നു.
എന്നാല്‍ ജനുവരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഹമീദ് കര്‍സാസിയും ഖത്തറില്‍ താലിബാന്‍ ഓഫീസ് തുടങ്ങുന്നത് സംബന്ധച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.
അമേരിക്കയുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്കായിട്ടാണ് താലിബാന്‍ ഖത്തറില്‍ ഓഫീസ് തുറക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാകിസ്താന്റെ രഹസ്യ സമ്മതമുണ്ടെന്നും അതിനാലാണ് ക്വെറ്റയിലെ ഒളികേന്ദ്രത്തില്‍ നിന്നും താലിബാന്‍ നേതാക്കള്‍ക്ക് ഖത്തറിലേയ്ക്ക് യാത്രചെയ്യാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ താലിബാനെയും അമേരിക്കയെയും വിമര്‍ശിച്ചുകൊണ്ട് കര്‍സായി നടത്തിയ പ്രസംഗം വിവാദമായിരുന്നു. അമേരിക്കയുമായി താലിബാന്‍ എല്ലാ ദിവസവും ചര്‍ച്ച നടത്തുന്നുണ്ടെന്നായിരുന്നു കര്‍സാസിയുടെ ആരോപണം. ആരോപണം പിന്നീട് അമേരിക്കന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications