റെയില്‍വേ ടിക്കറ്റ് രണ്ടുമാസം മുമ്പ് മാത്രം
ദില്ലി: തീവണ്ടി യാത്രയ്ക്കുള്ള മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം നാലുമാസത്തില്‍ നിന്നും രണ്ടുമാസമായി കുറച്ചു. മെയ് ഒന്നുമുതല്‍ 60 ദിവസം മുമ്പോട്ടുള്ള ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. അതേ സമയം 120 ദിവസം മുന്‍കൂറായി ഏപ്രില്‍ 30 വരെ ബുക്ക് ചെയ്യുന്ന എല്ലാടിക്കറ്റുകളും ഉപയോഗിക്കാവുന്നതാണ്.
ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ഡാറ്റകള്‍ പരിശോധിച്ചതിനുശേഷമാണ് റെയില്‍വേ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഭൂരിഭാഗവും രണ്ടുമാസത്തെ കാലയളവിനുള്ളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. നാലുമാസത്തെ കാലയളവില്‍ ബുക്ക് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ക്യാന്‍സല്‍ ചെയ്യുകയോ ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യുകയോയാണ് ചെയ്യുന്നത്.

വിദേശികള്‍ക്ക് 360 ദിവസം മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 1000 കിലോമീറ്ററില്‍ താഴെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ഇഷ്ടമുള്ള ദിവസങ്ങളിലെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തുവെയ്ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. രണ്ടു മാസത്തിനും നാലു മാസത്തിനും ഇടയിലുള്ള ബുക്കിങില്‍ ക്യാന്‍സലേഷന്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ട്രാവല്‍ ഏജന്റുമാരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പലപ്പോഴും ചുക്കാന്‍ പിടിയ്ക്കുന്നത്. ആറു ടിക്കറ്റുകളുടെ ബാച്ചായി നാലു മാസം മുമ്പെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഇരട്ടി വിലയ്ക്കാണ് പലരും വില്‍ക്കുന്നത്. ഇതിനായി സ്ഥിരം യാത്ര നടത്തുന്ന ഒരാളെ കണ്ടെത്തുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ഇയാളുടെ ഐഡി ഡീറ്റെയില്‍സാണ് ആദ്യം നല്‍കുന്നത്. ഓരോ ബാച്ചിലും ഇത്തരത്തിലുള്ള ഓരോരുത്തര്‍ കാണും. അയാള്‍ക്ക് ടിക്കറ്റ് വെറുതെ കൊടുത്താല്‍ പോലും ഏജന്റുമാര്‍ക്ക് നഷ്ടമില്ല. ഇനി ടിക്കറ്റ് ഒന്നും കച്ചവടമായില്ലെങ്കില്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ചെറിയൊരു തുകയേ നഷ്ടപ്പെടുകയുള്ളൂ.












Click it and Unblock the Notifications