നിതീഷിന്റെ ബീഹാറില്‍ മോഡി പണി തുടങ്ങും
ഗാന്ധി നഗര്‍: നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ശനിയാഴ്ച വൈകുന്നേരം ബീഹാറില്‍ നിന്ന്. മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട നിതീഷ് കുമാറിന്റെ ജനതാ ദള്‍ യുണൈറ്റഡാണ് ബീഹാര്‍ ഭരിക്കുന്നത്. നിതീഷിന്റെ ബീഹാറില്‍ തന്നെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കമിടുന്നത് മോഡി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

ബീഹാറിലെ ആയിരത്തി അഞ്ഞൂറ് ബിജെപി നേതാക്കളെയാണ് മോഡി ടെലികോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന ചെയ്യുക. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നയപരിപാടികള്‍ വ്യക്തമാക്കുന്നതായിരിക്കും മോഡിയുടെ പ്രസംഗം.
നേതാക്കളേയും പ്രവര്‍ത്തകരേയും മൂന്ന് ഗ്രൂപ്പുകളാക്കി പ്രത്യേകം ആശയ വിനിമയം നടത്തും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും അടങ്ങുന്നതാണ് ആദ്യ ഗ്രൂപ്പ്. രണ്ടാം ഗ്രൂപ്പില്‍ ജില്ല, ബ്ലോക്ക് പ്രസിഡന്റുമാരും മൂന്നാം ഗ്രൂപ്പില്‍ താഴേ തട്ടിലുള്ള പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. ഈ മാസം തന്നെ മോഡി ഒറീസ്സയും ആന്ധ്ര പ്രദേശും സന്ദര്‍ശിക്കുന്നുണ്ട്.
എന്‍ഡിഎയില്‍ മോഡിയെ ആദ്യം മുതലേ എതിര്‍ത്തു പോന്നിരുന്ന പാര്‍ട്ടിയായിരുന്നു ജനതാ ദള്‍ യുണൈറ്റഡ് (ജെഡിയു). ഒടുവില്‍ മോഡി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച് ജെഡിയു മുന്നണി വിട്ട് പുറത്തുപോവുകയായിരുന്നു. തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച നിതീഷിന്റെ നാട്ടില്‍ നിന്ന് തന്നെ പൊതു തിരഞ്ഞെടുപ്പിന്റെ കര്‍മ്മപദ്ധതികള്‍ തുടങ്ങുമ്പോള്‍ മോഡിക്കത് മധുരമായൊരു പകരം വീട്ടല്‍ കൂടിയാണ്.












Click it and Unblock the Notifications