കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ജയലളിത തന്നെ മുന്നിലെന്ന് സര്‍വ്വേ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെക്ക് തന്നെയായിരിക്കും വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും പറയുന്നു.

ദേശീയ വാര്‍ത്താ ചാനലായ സിഎന്‍എന്‍-ഐബിഎന്‍, സിഎസ്ഡിഎസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലമാണിത്. 2013 ജൂലായില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്തായിരിക്കും ഫലമെന്നതാണ് സര്‍വ്വേ.

Jayalalita

തമിഴ്‌നാട്ടിലും കര്‍ണാകടയിലും ഇപ്പോള്‍ ഭരണത്തിലുള്ള കക്ഷികള്‍ സുരക്ഷിതരാണെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. എന്നാല്‍ തെലുങ്കാന പ്രശ്‌നം രൂക്ഷമായ ആന്ധ്രയില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും സര്‍വ്വേ കണ്ടെത്തുന്നു.

പഴയ കരുണാനിധി സര്‍ക്കാരിനേക്കാള്‍ ജയലളിതയെ ജനങ്ങള്‍ മതിക്കുന്നു എന്നതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിശേഷം. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ കരുണാനിധിയുടെ ഡിഎംകെക്ക് ഇത്തവണ രക്ഷയില്ലെന്നാണ് വിലയിരുത്തല്‍. 2011 ലെ സ്ഥിതിവെച്ച് നോക്കുമ്പോള്‍ ജയലളിതയുടെ ജനസമ്മതി 70 ല്‍ നിന്ന് 65 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും എഐഎഡിഎംകെ 16 മുതല്‍ 20 വരെ സീറ്റ് നേടിയേക്കും. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളാണ് ജയലളിതയുടെ പാര്‍ട്ടിക്ക് കിട്ടിയത്.

കരുണാനിധിയുടെ ഡിഎംകെ ഇത്തവണ 8 മുതല്‍ 12 വരെ സീറ്റുകളേ നേടാന്‍ സാധ്യതയുള്ളു എന്നും സര്‍വ്വേ പറയുന്നു. കഴിഞ്ഞ തവണ 18 സീറ്റുകള്‍ നേടിയ പാര്‍ട്ടിയാണ് ഡിഎംകെ. യുപിഎ ക്കുള്ള പിന്തുണ പിന്‍വലിച്ചതും അഴിമതി ആരോപണങ്ങളും എല്ലാം ഡിഎംകെയെ രൂക്ഷമായി ബാധിച്ചിരിക്കുന്നു എന്നാണ് സര്‍വ്വേയില്‍ നിന്ന് വ്യക്തമാക്കുന്നത്. പിന്നെ ഓരോ തിരഞ്ഞെടുപ്പിലും ഡിഎംകെയും എഐഡിഎംകെയും മാറിമാറി തിരിച്ചുവരവ് നടത്തുന്നത് തമിഴ്‌നാട്ടിലെ മാത്രം ഒരു പ്രതിഭാസവുമാണ്.

കര്‍ണാകയില്‍ ഇത്തവണ കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിന് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച ഇത്തവണ ജനസമ്മിതി കൂടിയിട്ടുണ്ട്. 2006 ല്‍ 32 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് അഭിപ്രായ സര്‍വ്വേയില്‍ 47 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്കാകട്ടെ വോട്ട് ശതമാനം 42 ല്‍ നിന്ന് 22 ആയി കുറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡ നയിക്കുന്ന ജനത ദള്‍ സെക്യുലറിന് കഴിഞ്ഞ തവണത്തേക്കാളും സ്ഥിതി അല്‍പം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും സര്‍വ്വേ കണ്ടെത്തുന്നു.

മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പാര്‍ട്ടിവിട്ടതും കര്‍ണാടക ജനത പാര്‍ട്ടി ഉണ്ടാക്കിയും ബിജെപിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി വളരെ പിറകിലായിരുന്നു. യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ രണ്ട് മുതല്‍ ആറ് വരെ സീറ്റുകളേ ലഭിക്കൂ എന്നാണ് സര്‍വ്വേ പറയുന്നത്. കഴിഞ്ഞ തവണ ആറ് സീറ്റുനേടിയ കോണ്‍ഗ്രസ് ഇത്തവണ18 മുതല്‍ 22 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. ജനത ദള്‍ സെക്യൂലര്‍ ആറ് സീറ്റുകള്‍ വരെ നേടിയേക്കും.

ആന്ധ്രയില്‍ തെലുങ്കാന പ്രശ്‌നം തന്നെയായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പ ഫലം നിര്‍ണയിക്കുക. ജഗ്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തവണ 33 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ആന്ധ്രയില്‍ നിന്ന് മാത്രം ലഭിച്ചത്. ഇത്തവണ 11 നും 15 നും ഇടയില്‍ സീറ്റുകളേ ലഭിക്കൂ എന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടി 10 സീറ്റുകള്‍ വരെ നേടിയേക്കും. പുതിയ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റ് വരെ സ്വന്തമാക്കുമെന്നും സര്‍വ്വേ പറയുന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തെലുങ്കാന രാഷ്ട്ര സമിതി ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ടിആര്‍എസ് ഇത്തവണ ഒമ്പത് സീറ്റുകള്‍ വരെ നേടാമെന്നും അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു.

English summary
According to a CSDS-CNN-IBN survey in Tamil Nadu and Karnataka the ruling parties in the respective states are sitting pretty. But the survey reveals that in Andhra Pradesh the Congress, which had swept the state in 2009, is facing a tough time over Telangana and the rise of YS Jagan Mohan Reddy-led YSR Cong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X