ആലപ്പുഴയില്‍ വീണ്ടും മുദ്രാവാക്യം; ഇത്തവണ സിപിഎം വക, പ്രതിഷേധം അണപൊട്ടി
അമ്പലപ്പുഴ: കോഴിക്കോട്ടെ മാര്‍ച്ചിലെ പ്രകോപന പ്രസംഗത്തിന് പിന്നാലെ ആലപ്പുഴയിലെ പ്രതിഷേധപ്പരിപാടിയിലും സമാനമായ ഭീഷണി. എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം. കൈ വെട്ടും, കാല്‍ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എകെജി സെന്ററിലേക്ക് ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.
നേരത്തെ വി.ഡി സതീശനെയും കെ. സുധാകരനെയും റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് എച്ച് സലാം ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണിപ്പെടുത്തിയതായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. നേരത്തെ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയില്‍ ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് ആണ് കൊലവിളി പ്രസംഗം നടത്തിയത്.

' ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലില്‍ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല്‍ ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി ' യെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസം രാത്രി 11.24ന് എകെജി സെന്ററിന് താഴെ എകെജി ഹാളിനോട് ചേര്‍ന്നാണു ഇരുചക്രവാഹനത്തില്‍ എത്തിയ ഒരാള്‍ സ്ഫോടക വസ്തു എറിഞ്ഞത്. ഇയാള്‍ വന്നത് കുന്നുകുഴി ഭാഗത്ത് നിന്നാണ് എന്നാണ് സി സി ടി വി ക്യാമറകളില്‍ നിന്ന് അറിയുന്നത്. പരിസരം എല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷം തിരിച്ച് പോയ അക്രമി വീണ്ടും തിരിച്ചുവന്ന ശേഷം തന്റെ ഇരുചക്രവാഹനം വേഗം നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു.

ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല. ബോംബേറ് നടത്തിയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. എകെജി സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം പോലീസിന് ലഭിച്ച ആദ്യ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്‌ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മടങ്ങിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

എകെജി സെന്ററില്‍ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സിസിടിവി പോലീസ് പരിശോധിക്കും. പ്രതി ബൈക്കില്‍ എകെജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പരിശോധന നടത്തി. തുടര്‍ന്നായിരുന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യയും സ്ഥലം സന്ദര്‍ശിച്ചു.