സമ്മർദ്ദം പടിക്ക് പുറത്ത്! മനസ്സിന് ശാന്തി നൽകാൻ ധ്യാനം ശീലിക്കാം; തുടക്കക്കാർക്ക് ഒരു ഗൈഡ്
നിത്യ ജീവിതത്തിലെ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും അകറ്റി മനസ്സിനെ ശാന്തമാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ധ്യാനം. എന്നാൽ പലപ്പോഴും ധ്യാനം തുടങ്ങാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നതാണ്. ധ്യാനം എന്നത് വെറുതെ കണ്ണടച്ചിരിക്കലല്ല, മറിച്ച് നമ്മുടെ ബോധത്തെ പടിപടിയായി ഉന്നതമായ അവസ്ഥയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ്. പതഞ്ജലി മഹർഷിയുടെ അഷ്ടാംഗ യോഗത്തെ അടിസ്ഥാനമാക്കി ധ്യാനത്തിന്റെ നാല് പ്രധാന ഘട്ടങ്ങൾ താഴെ വിവരിക്കുന്നു.
1. പ്രത്യാഹാര - ശ്രദ്ധ ഉള്ളിലേക്ക് മാറ്റുക
ബാഹ്യലോകത്തെ ബഹളങ്ങളിൽ നിന്നും ശബ്ദങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധയെ ഉള്ളിലേക്ക് തിരിച്ചുവിടുന്ന പ്രക്രിയയാണിത്. നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങൾ (കണ്ണ്, മൂക്ക്, നാക്ക്, തൊലി, ചെവി) എപ്പോഴും പുറത്തുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയെ നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ പടി.
പരിശീലിക്കുന്ന രീതി: നിശബ്ദമായ ഒരിടത്ത് സുഖപ്രദമായ രീതിയിൽ ഇരിക്കുക. കണ്ണുകൾ അടച്ച് പുറത്തെ ശബ്ദങ്ങളെ വെറുമൊരു കേൾവി മാത്രമായി കണ്ട്, അവയോടുള്ള പ്രതികരണം നിർത്തുക. ശ്വാസത്തിന്റെ ഗതിയിലേക്ക് മാത്രം ശ്രദ്ധ കൊണ്ടുവരിക. ഇന്ദ്രിയങ്ങളെ ബാഹ്യവിഷയങ്ങളിൽ നിന്ന് വേർപെടുത്തുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
2. ധാരണ- ഏകാഗ്രതയുടെ ഘട്ടം
മനസ്സിനെ ഒരു നിശ്ചിത ബിന്ദുവിലോ അല്ലെങ്കിൽ ആശയത്തിലോ തളച്ചിടുന്നതിനെയാണ് ധാരണ എന്ന് വിളിക്കുന്നത്. പ്രത്യാഹാരം വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാലും മനസ്സ് പല ചിന്തകളിലേക്ക് അലഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇതിനെ ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
പരിശീലിക്കുന്ന രീതി: നിങ്ങളുടെ ശ്വാസമോ, ഏതെങ്കിലും മന്ത്രമോ, അല്ലെങ്കിൽ ഉള്ളിലുള്ള പ്രകാശമോ ഒരു കേന്ദ്രമായി തിരഞ്ഞെടുക്കുക. മനസ്സ് അലഞ്ഞുപോകുമ്പോഴെല്ലാം ശാന്തമായി അതിനെ വീണ്ടും ഈ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരിക. ഇത് ഒരു പോരാട്ടമല്ല, മറിച്ച് സ്നേഹത്തോടെയുള്ള പരിശീലനമാണ്. ദിവസേനയുള്ള ഈ പരിശീലനം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.

3. ധ്യാനം - തടസ്സമില്ലാത്ത ഒഴുക്ക്
ഏകാഗ്രത ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാൽ പ്രയത്നമില്ലാത്ത ഒന്നായി മാറും. ഇതിനെയാണ് യഥാർത്ഥ 'ധ്യാനം' എന്ന് വിളിക്കുന്നത്. ധാരണയിൽ നിങ്ങൾ ശ്രദ്ധിക്കാൻ കഷ്ടപ്പെടുമ്പോൾ, ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ ഒരു സ്വാഭാവിക ഒഴുക്കായി മാറുന്നു.
അനുഭവം: ഇവിടെ ചിന്തകൾ പൂർണ്ണമായും നിലയ്ക്കുന്നു എന്നല്ല അർത്ഥം, മറിച്ച് ചിന്തകൾ നിങ്ങളെ ബാധിക്കുന്നില്ല എന്നതാണ്. ധ്യാനം ചെയ്യുന്ന വ്യക്തിയും (Meditator), ധ്യാനിക്കപ്പെടുന്ന വസ്തുവും (Object of Meditation) തമ്മിലുള്ള ദൂരം കുറയുന്ന അവസ്ഥയാണിത്. മനസ്സിന് വലിയൊരു സമാധാനവും ഉന്മേഷവും ഈ ഘട്ടത്തിൽ അനുഭവപ്പെടും. ദീർഘനേരം ഒരേ ഇരിപ്പിൽ ഇരിക്കാൻ ഈ അവസ്ഥ നിങ്ങളെ പ്രാപ്തരാക്കും.
4. സമാധി - ശുദ്ധമായ അവബോധം
ധ്യാനത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണിത്. ഇവിടെ 'ഞാൻ' എന്ന ബോധം ഇല്ലാതാവുകയും വ്യക്തി പ്രപഞ്ചവുമായി ഐക്യപ്പെടുകയും ചെയ്യുന്നു. ഇത് വിവരിക്കാൻ പ്രയാസമുള്ളതും അനുഭവിച്ചറിയേണ്ടതുമായ അവസ്ഥയാണ്.
അനുഭവം: തികഞ്ഞ നിശബ്ദതയും അളവില്ലാത്ത ആനന്ദവും (Bliss) ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇത് നിർബന്ധപൂർവ്വം നേടിയെടുക്കാൻ കഴിയില്ല. ആദ്യത്തെ മൂന്ന് ഘട്ടങ്ങളും കൃത്യമായി പാലിക്കുന്ന ഒരാൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഫലമാണിത്. മനസ്സ് പൂർണ്ണമായും നിശ്ചലമാവുകയും ഉന്നതമായ ഉണർവ്വ് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുടക്കക്കാർ പെർഫെക്ഷന് വേണ്ടി വാശിപിടിക്കരുത്. ദിവസവും 5 മുതൽ 10 മിനിറ്റ് വരെ പരിശീലിക്കുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ധ്യാനം ഒരു യാത്രയാണ്, ആ യാത്രയിൽ ക്ഷമയും കൃത്യതയും ഉണ്ടെങ്കിൽ ആന്തരിക സമാധാനം നിങ്ങൾക്ക് സ്വന്തമാക്കാം.












Click it and Unblock the Notifications