പൈതൃക നഗരം പദ്ധതി, കടല്‍പാലത്തില്‍ പരിശോധന, സ്‌കൂബാ ഡൈവര്‍മാര്‍ കടലിനടിയില്‍ പഠനം നടത്തി
ആലപ്പുഴ: ആലപ്പുഴ പൈതൃക നഗര പദ്ധതിയില്‍ കടല്‍പ്പാലത്തിന്റെ നവീകരണം സംബന്ധിച്ചു പഠിക്കുന്നതിനായി തിങ്കളാഴ്ച സ്‌കൂബാ ഡൈവര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കടല്‍പ്പാലത്തിന്റെ നിലനില്‍ക്കുന്ന ഭാഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, കടലിലിനടിയില്‍ കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഏതു രീതിയില്‍ സംരക്ഷിക്കാന്‍ സാധിക്കും തുടങ്ങിയവ പഠിക്കുന്നതിനാണു സ്‌കൂബാ ഡൈവര്‍മാര്‍ കടലിന് അടിയില്‍ പഠനം നടത്തിയത്.
വിഡിയോ ചിത്രീകരണത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കടല്‍പ്പാലത്തിന്റെ നവീകരണത്തിനുള്ള നടപടികളുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൈതൃക നഗരം പദ്ധതിയുടെ ഭാഗമായി വരുന്ന മാരിടൈം മ്യൂസിയത്തോട് അനുബന്ധിച്ചാണു കടല്‍പ്പാലവും നവീകരിക്കുന്നത്. കൊല്ലവര്‍ഷം 1085ല്‍ നിര്‍മിച്ചതാണു കടല്‍പ്പാലം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വര്‍ഷം സംബന്ധിച്ചുള്ള തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ അതീവ ശോചനീയാവസ്ഥയിലാണ് പാലം. പാലത്തിന്റെ ഇരുമ്പു തൂണുകള്‍ മാത്രമേയുള്ളു. ഇതു സംരക്ഷിക്കാനാണു പദ്ധതിയിടുന്നത്. ഒപ്പം മാരിടൈം മ്യൂസിയം നിര്‍മാണത്തിനൊപ്പം പുതിയൊരു കടല്‍പ്പാലം നിര്‍മിക്കാനും ആലോചന നടക്കുന്നു. മാരിടൈം മ്യൂസിയത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കായി 28നു ധനമന്ത്രി, തുറമുഖ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ പോര്‍ട്ട് ഓഫിസില്‍ ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്. കടല്‍പ്പാലത്തെക്കുറിച്ചുള്ള പഠനവും ഇവിടെ അവതരിപ്പിക്കും. ആലപ്പുഴ ബീച്ചിനു സമീപത്തെ പോര്‍ട്ടിന്റെ സ്ഥലത്താണു മാരിടൈം മ്യൂസിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 123 കോടി രൂപയാണ് ആലപ്പുഴ പൈതൃക നഗരം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications